കെ.കെ സുരേന്ദ്രൻ
മലപ്പുറം: നാടിന്റെ സമഗ്ര പുരോഗതിയാണ് എൻ.ഡി.എയുടെ ലക്ഷ്യമെന്ന് ബി.ജെ.പി പാലക്കാട് മേഖല ജനറൽ സെക്രട്ടറി കെ.കെ സുരേന്ദ്രൻ. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ വികസനത്തിന് മാതൃകയാണ്. ഡബിൾ എൻജിൻ സർക്കാർ വന്നാൽ മാത്രമേ കേരളത്തിന്റെ വികസനമുരടിപ്പ് അവസാനിപ്പിക്കാൻ പറ്റൂ. പ്രതിപക്ഷത്തിന്റെ ദൗർബല്യമാണ് എൽ.ഡി.എഫ് സർക്കാർ പത്ത്വർഷം നിലനിൽക്കാൻ കാരണമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
• എൻ.ഡി.എയുടെ പ്രചാരണ വിഷയങ്ങൾ?
എല്ലാവർക്കും പാർപ്പിടം, എല്ലാവർക്കും കുടിവെള്ളം എന്നതാണ് പ്രധാന മുദ്രാവാക്യം. കാർഷിക മേഖലയിലെ പ്രതിസന്ധിയും തൊഴിലില്ലായ്മയും പരിഹരിക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലയുടെ പരിപോഷണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും ഊന്നൽ നൽകും.
• സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന് കരുതുന്നുണ്ടോ?
ഭരണവിരുദ്ധ വികാരം അതിശക്തമാണ്. വെള്ളക്കരവും വീട്ടുനികുതിയും യാത്രക്കൂലിയും കുത്തനെ കൂട്ടി. വിലക്കയറ്റം ക്രമാതീതമായി വർധിച്ചു. തൊഴിലില്ലായ്മ അതിരൂക്ഷമാണ്. ജനജീവിതത്തെ ബാധിക്കുന്ന ഇത്തരം വിഷയങ്ങൾ ഉയർത്തികൊണ്ടുവരാൻ പ്രതിപക്ഷത്തിന് താൽപര്യമില്ല.
• പ്രാദേശിക വികസനം ചർച്ചയാകുമോ?
ജില്ലയിൽ പ്രാദേശിക വികസന പ്രശ്നങ്ങൾ നിരവധിയാണ്. മത്സ്യത്തൊഴിലാളികൾ രൂക്ഷമായ പ്രതിസന്ധി ആണ് നേരിടുന്നത്. ആയിരക്കണക്കിന് കുടിലുകളാണ് കടലോരത്ത് ഇന്നും ഉള്ളത്. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കാത്തതാണ് മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് കാരണം.
• ജില്ലയിൽ എൻ.ഡി.എയുടെ പ്രതീക്ഷ?
വലിയ മുന്നേറ്റം ഉണ്ടാക്കും. 12 സീറ്റിൽ ബി.ജെ.പി മത്സരിക്കുന്നു. ബാക്കി നാല് സീറ്റുകളിൽ ഘടകകക്ഷി സ്ഥാനാർഥികളാണ്. വ്യവസായ സംരംഭം ആരംഭിക്കാൻ കൂടുതൽ മുദ്രവായ്പ അനുവദിച്ച ജില്ലയാണ് മലപ്പുറം. റെയിൽവേ, ദേശീയപാത വികസനം യാഥാർഥ്യമാക്കിയത് മോദി സർക്കാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.