താനൂർ: അഞ്ചുടി തീരദേശ മേഖലയിലെ അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടു. തീരദേശ മേഖലയിലെ ജനങ്ങൾക്കിടയിൽനിന്ന് മുസ്ലിം ലീഗ് ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് അക്രമവുമായി രംഗത്തുവന്നിരിക്കുന്നത്. പ്രദേശത്തെ സമാധാനന്തരീക്ഷം തീർത്തും ഇല്ലാതാക്കലാണ് മുസ്ലിം ലീഗിെൻറ ലക്ഷ്യമെന്നും നേതാക്കൾ ആരോപിച്ചു. നാലര വർഷമായി അഞ്ചുടി പള്ളിയിലെ വരവുചെലവ് കണക്ക് മഹല്ല് നിവാസികളെ ബോധ്യപ്പെടുത്താത്തതിനെ തുടർന്ന് നാട്ടുകാർ താനൂർ സി.ഐക്ക് പരാതി നൽകുകയായിരുന്നു. സി.ഐയുടെ നിർദേശപ്രകാരം ജനറൽ ബോഡി യോഗം വിളിച്ച് ഭാഗികമായി കണക്ക് അവതരിപ്പിക്കുകയുണ്ടായി. ബാക്കി ബലിപെരുന്നാളിന് ശേഷം അവതരിപ്പിക്കാമെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. എന്നാൽ, ബലിപെരുന്നാൾ കഴിഞ്ഞിട്ടും കണക്ക് അവതരിപ്പിക്കാൻ തയാറായിെല്ലന്നും ഇതിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് അക്രമം നടത്തിയതെന്നും നേതാക്കൾ ആരോപിച്ചു. പ്രദേശത്തെ സി.പി.എം പ്രവർത്തകർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വധഭീഷണി മുഴക്കുന്നതായും സി.പി.എം നേതാക്കൾ പറഞ്ഞു. ഇവർക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകുമെന്നും തീരദേശത്തെ ലീഗ് അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഉന്നത പൊലീസ് അധികാരികൾക്ക് പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു. തീരമേഖലയിൽ സമാധാനം കാംക്ഷിക്കാൻ സി.പി.എം മുന്നിലുണ്ടാകുമെന്നും സി.പി.എം നേതാക്കളായ ലോക്കൽ സെക്രട്ടറി എം.പി. ഹംസക്കോയ, പി. ഹംസക്കുട്ടി, യൂസഫ്, സൈനുദ്ദീൻ, എം.പി. മുഹമ്മദ് സറാർ, എ.പി. ഷംസു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.