മരണാസന്നമായി ഷൊർണൂർ സർക്കാർ ആശുപത്രി

ഷൊർണൂർ: സ്ഥിരം ഡോക്ടറില്ല, കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഡോക്ടർക്ക് അഞ്ച് മാസമായി ശമ്പളമില്ല, ഫാർമസിസ്റ്റും ക്ലർക്കും അറ്റൻഡറുമില്ല, നഴ്സുമാരുൾപ്പെടെ ആശുപത്രി ജീവനക്കാർക്ക് കഴിഞ്ഞമാസത്തെ ശമ്പളം ലഭിച്ചിട്ടില്ല, പല മരുന്നുകളും സ്റ്റോക്കില്ല. ദിവസവും 300 മുതൽ 400 വരെ രോഗികളെത്തുന്ന ഷൊർണൂർ സർക്കാർ ആശുപത്രിയുടെ ദുരവസ്ഥയാണിത്. ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റുൾപ്പെടെ എട്ട് ഡോക്ടർമാരുടെ സ്ഥിരം തസ്തികയുണ്ടെങ്കിലും പൂർണമായും ഇതേ വരെ നികത്തിയിട്ടില്ല. നേരത്തേ മൂന്ന് സ്ഥിരം ഡോക്ടർമാർ ഉണ്ടായിരുന്ന ആശുപത്രിയായിരുന്നു ഇത്. ഓരോരുത്തരായി സ്ഥലം മാറിപ്പോകുകയായിരുന്നു. പകരം നിയമനങ്ങൾ നടന്നില്ല. സമീപ പ്രദേശങ്ങളിലെ ആശുപത്രികളിൽനിന്നും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽനിന്നും ഡോക്ടർമാരെ കടമെടുത്താണ് ആശുപത്രി പ്രവർത്തിക്കുന്നത്. ഇങ്ങനെയെത്തുന്ന മൂന്ന് ഡോക്ടർമാരാണ് നിലവിലുള്ളത്. എന്നാൽ, എല്ലാവരും ഒന്നിച്ചുണ്ടാകുന്നത് അപൂർവമാണ്. പലപ്പോഴും ഒരു ഡോക്ടർ മാത്രമേ ആശുപത്രിയിലുണ്ടാകൂ. കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ഡോക്ടർ ആറ് മാസമായി ആശുപത്രിയിലെത്തുന്നുണ്ട്. ഈ ഡോക്ടർക്ക് വേതനം ലഭിച്ചിട്ട് അഞ്ചുമാസമായി. ആശുപത്രിയിലെ ഫാർമസിസ്റ്റ് ഒരുമാസമായി അവധിയിലാണ്. പകരക്കാരനെ നിയമിച്ചിട്ടില്ല. പല മരുന്നുകളും ആശുപത്രിയില്ല. അത്യാവശ്യം വേണ്ട ചെറിയ ഉപകരണങ്ങളുമില്ല. ക്ലർക്കി​െൻറയും അറ്റൻഡറുടേയും തസ്തികകൾ ഒരു മാസമായി ഒഴിഞ്ഞുകിടക്കുകയാണ്. ക്ലർക്കില്ലാത്തത് കാരണം ആശുപത്രി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. പുതിയ ഫാർമസി കെട്ടിടം ഉദ്ഘാടനം ചെയ്യാതെ ഇപ്പോഴും പൂട്ടിക്കിടക്കുകയാണ്. ലാബിനുള്ള ഉപകരണങ്ങളെല്ലാമെത്തി മാസങ്ങളായെങ്കിലും ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. സർക്കാർ ആശുപത്രിയുടെ ഇപ്പോഴത്തെ അവസ്ഥ പാവപ്പെട്ട രോഗികളെയാണ് ദുരിതത്തിലാക്കിയിരിക്കുന്നത്. ആശുപത്രിയുടെ കാര്യത്തിൽ അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.