മലപ്പുറം: ജി.എസ്.ടി പ്രാബല്യത്തിലായിട്ട് നാലു മാസം പിന്നിട്ടിട്ടും വില കുറയാതെ പലവ്യഞ്ജനങ്ങൾ. വെളിച്ചെണ്ണവില കുതിക്കുകയാണ്. നാളികേര ഉത്പ്പാദനം കുത്തനെ കുറഞ്ഞതും അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തിയതുമാണ് ഇതിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. വെളിച്ചെണ്ണ ഒരു കിലോയുടെ പാക്കറ്റിന് 155 മുതൽ 216 രൂപ വരെയാണ് വില. കഴിഞ്ഞ ജൂണിലുണ്ടായിരുന്ന 120 രൂപയിൽനിന്നാണ് വില കുതിച്ചുകയറിയത്. മുൻ വർഷങ്ങളിലും വെളിച്ചെണ്ണ വില കുതിച്ചുകയറിയിട്ടുണ്ടെങ്കിലും 200 കടന്നിരുന്നില്ല. മുമ്പ് ഇതിന് വാറ്റുനികുതി ഉണ്ടായിരുന്നില്ല. അഞ്ച് ശതമാനം ജി.എസ്.ടിയുള്ള പുളിക്കും വരവ് കൂടിയിട്ടും വില ഉയർന്നുതന്നെ നിൽക്കുകയാണെന്ന് മൊത്തവ്യാപാരികൾ പറയുന്നു. പുളിക്ക് കിലോക്ക് 145 രൂപയാണിപ്പോൾ. കഴിഞ്ഞ വർഷം 85 രൂപയേ ഉണ്ടായിരുന്നുള്ളൂ. മൈദക്കും ആട്ടക്കും ബ്രാൻഡിന് അഞ്ച് ശതമാനം ജി.എസ്.ടിയുണ്ട്. മൈദക്ക് കിലോക്ക് 30ഉം ആട്ടക്ക് 29ഉം റവക്ക് 32ഉം രൂപയാണ് വില. ഗോതമ്പ് വിളവെടുപ്പ് തുടങ്ങിയിട്ടും മൈദ വിലയിൽ കുറവു വന്നിട്ടില്ല. പഞ്ചസാരക്ക് 42ഉം ചായപ്പൊടിക്ക് പാക്കറ്റിന് 160 മുതൽ 200 രൂപയുമാണ് വില. മഞ്ഞൾ വരവ് കുറവായതാണ് വില 100ന് മുകളിൽ നിൽക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. താഴോട്ടില്ലാതെ അരിവില ബ്രാൻഡഡ് ഒഴിച്ചുള്ളത് ജി.എസ്.ടി മുക്തമായിട്ടും അരി വിലയിൽ വലിയ കുറവു വന്നിട്ടില്ല. ഏതാനും മാസം മുമ്പ് അഞ്ചു രൂപയും അതിലധികവും ഒറ്റയടിക്ക് ഉയർന്ന അരിവിലയിൽ ഒന്നും ഒന്നരയും രൂപയുടെ കുറവുണ്ട്. വിളവെടുപ്പ് തുടങ്ങിയതോടെ ആന്ധ്രയിൽനിന്ന് അരിവരവ് തുടങ്ങിയതാണ് കാരണം. കുറുവക്ക് 36ഉം ജയക്ക് 39ഉം രൂപയാണ് ചില്ലറ വില. മട്ട വില 40നു മുകളിൽ മാറ്റമില്ലാതെ നിൽക്കുന്നു. 45 മുതൽ 65 രൂപയാണ് ബിരിയാണി അരി വില. ബിരിയാണി അരിക്ക് മാത്രമാണ് നാലു മുതൽ അഞ്ചു രൂപവരെ കുറഞ്ഞത്. സാധാ പച്ചരിക്ക് ഒരു രൂപയുടെ കുറവുണ്ടായപ്പോൾ െഎ.ആർ-8ന് രണ്ടു രൂപ വരെ കൂടി. വെല്ലം വില കിലോക്ക് 56 എന്ന നിലയിൽ തുടരുകയാണ്. ശബരിമല സീസണാവുന്നതോടെ ഇനിയും കൂടുമെന്ന് വ്യാപാരികൾ പറയുന്നു. പയറുവർഗത്തിന് അൽപ്പം ശമനം പയറുവർഗങ്ങളുടെ വിലക്കയറ്റത്തിന് അൽപ്പം ശമനമായെങ്കിലും പഴയ വിലയിലേക്ക് എത്തുന്ന ലക്ഷണമില്ല. ഇറക്കുമതിയും വിളവെടുപ്പുമാണ് വില പിടിച്ചുനിർത്തുന്ന ഘടകങ്ങൾ. മണിക്കടല-80, ചെറുപയർ-76, മുതിര-84, വൻപയർ-66, പട്ടാണി-44, കാബൂളി കടല-164 എന്നിങ്ങനെയാണ് ചില്ലറവില. ഉഴുന്നിന് 69 മുതൽ 80 രൂപവരെയും തുവരപരിപ്പിന് 69 മുതൽ 84 രൂപവരെയുമാണ് വില. മണിക്കടല, ചെറുപയർ, പട്ടാണിക്കടല, കാബൂളി കടല തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നുണ്ട്. നികുതിമുക്തമായിട്ടും ഇടനിലക്കാരുടെ ചൂഷണം തുടരുന്നതാണ് വില കുറയാതിരിക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.