പൂക്കോട്ടുംപാടം: വീടുകള്‍ക്ക് സമീപം അജ്ഞാതര്‍ കൊടി നാട്ടിയത് പ്രദേശവാസികളില്‍ ആശങ്കക്കിടയാക്കി. അമരമ്പലം പഞ്ചായത്തിലെ താഴെ പരിയങ്ങാട് ഭാഗത്തെ ഏതാനും വീടുകള്‍ക്ക് മുന്നിലാണ് തിങ്കളാഴ്ച രാത്രി അജ്ഞാതർ ചുവന്ന കൊടി നാട്ടിയത്. രണ്ടു മീറ്ററോളം ഉയരത്തിലുള്ള ചെറിയ കൊമ്പുകളില്‍ അഞ്ചിലധികം കൊടികളാണ് നാട്ടിയത്. സംഘടനാപരമായ അടയാളങ്ങളോ, പ്രസ്ഥാനത്തിെൻറ പേരോ ഇല്ലാത്തതാണ് നാട്ടുകാരുടെ ആശങ്കക്ക് കാരണം. മാത്രമല്ല, മാവോവാദി സാന്നിധ്യമുള്ള പ്രദേശമായതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നടപടിയാണോ ഇതെന്നും പ്രദേശവാസികള്‍ ഭയക്കുന്നു. ജനസാന്ദ്രത കുറവായ പ്രദേശമായതിനാല്‍ വിരലിലെണ്ണാവുന്ന വീടുകള്‍ മാത്രമേ പ്രദേശത്തുള്ളൂ. ചൊവ്വാഴ്ച പുലര്‍ച്ചയോടെ ബൈക്കുകള്‍ കടന്നുപോകുന്ന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. പരിയങ്ങാട് കോയിക്കല്‍ ബാബു, ചെറുക്കാട്ട്കുത്ത് സത്യഭാമ, നെല്ലുങ്ങല്‍ ലക്ഷ്മി, മഞ്ചേരിത്തൊടി രാമചന്ദ്രന്‍, രാജന്‍ എന്നിവരുടെ വീടുകള്‍ക്ക് മുന്നിലായും വീടിന് സമീപത്തായുമാണ് കൊടികള്‍ സ്ഥാപിച്ചിട്ടുള്ളത്. വിവരമറിയിച്ചതിനെ തുടർന്ന് പൂക്കോട്ടുംപാടം എ.എസ്.ഐമാരായ രാമചന്ദ്രന്‍, അജിത്ത്, എസ്.സി.പി.ഒ നിയാസ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. കൊടികള്‍ പിടിച്ചെടുക്കുകയും നാട്ടുകാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.