മലപ്പുറം: ജനകീയ മാതൃകാ കാരുണ്യപദ്ധതിയായി ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച കിഡ്നി പേഷ്യൻറ്സ് വെൽെഫയർ സൊസൈറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഫണ്ടില്ലാത്തതിനാൽ ഡയാലിസിസ് രോഗികൾക്കും വൃക്ക മാറ്റിവെച്ചവർക്കുമുള്ള സഹായങ്ങൾ സൈാസൈറ്റി നിർത്തിവെച്ചു. വിദ്യാലയങ്ങളിൽനിന്നും പൊതുജനങ്ങളിൽനിന്നുമുള്ള സംഭാവനയിൽ ഗണ്യമായ കുറവുണ്ടായതും പഞ്ചായത്തുകൾ തുക മാറ്റിവെക്കാത്തതുമാണ് പ്രതികൂലമായത്. സൊസൈറ്റിയുടെ സഹായം ലഭ്യമായിരുന്ന ജില്ലയിലെ 1500ഒാളം രോഗികളും ഇതോടെ ആശങ്കയിലാണ്. 2015-16ൽ 4.26 കോടി സംഭാവനയായി ലഭിച്ചിരുന്നു. 2016-17ൽ ഇത് 2.54 ആയി കുറഞ്ഞു. വിദ്യാലയങ്ങളിൽനിന്ന് മുൻവർഷം ലഭിച്ച 2.88 കോടി കഴിഞ്ഞവർഷം 2.12 കോടിയായി കുറഞ്ഞു. പൊതുജനങ്ങളിൽനിന്ന് 2015ൽ 1.38 കോടി ലഭിച്ചപ്പോൾ 2016ൽ ആകെ ലഭിച്ചത് 42 ലക്ഷം മാത്രം. പഞ്ചായത്തുകളിൽനിന്നും നഗരസഭകളിൽനിന്നും സംഭാവന നൽകുന്നതിനുള്ള സർക്കാർ ഉത്തരവ് പുതുക്കാത്തത് സൊസൈറ്റിയുടെ വരുമാനത്തിൽ വലിയ കുറവുണ്ടാക്കി. 2007ൽ പ്രവർത്തനം തുടങ്ങിയ സൊസൈറ്റിക്ക് 2008 മുതൽ തദ്ദേശസ്ഥാപനങ്ങളുടെ സഹായം ലഭ്യമായിരുന്നു. ഇതിന് സർക്കാർ ഉത്തരവിറക്കുകയുമുണ്ടായി. 10,000 രൂപവരെ സംഭാവന നൽകുന്നതിന് യഥേഷ്ടാനുമതി നൽകിയായിരുന്നു ആദ്യ ഉത്തരവ്. തുടർവർഷങ്ങളിൽ തുക വർധിപ്പിക്കുകയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ മൂന്ന് ലക്ഷംവരെയും നഗരസഭകൾ അഞ്ച് ലക്ഷംവരെയും എത്തി. വർഷവും പുതുക്കുന്ന ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് കഴിഞ്ഞ വർഷം ഇറങ്ങിയില്ല. ഇതോടെ ഭൂരിപക്ഷ തദ്ദേശസ്ഥാപനങ്ങളും കിഡ്നി സൊസൈറ്റിക്ക് തുക കൈമാറിയില്ല. 2015-16 സാമ്പത്തിക വർഷം ഗ്രാമപഞ്ചായത്തുകളിൽനിന്ന് 53 ലക്ഷം, ബ്ലോക്ക് പഞ്ചായത്തുകളിൽനിന്ന് 16 ലക്ഷം, മുനിസിപ്പാലിറ്റികളിൽനിന്ന് അഞ്ച് ലക്ഷം എന്നിങ്ങനെ 74 ലക്ഷം സംഭാവന ലഭിക്കുകയുണ്ടായി. 2016-17ൽ ഒമ്പത് പഞ്ചായത്തുകളിൽനിന്ന് 16.5 ലക്ഷവും മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിൽനിന്ന് നാല് ലക്ഷവും മാത്രമാണ് ലഭിച്ചത്. സർക്കാർ ഉത്തരവിനായി രണ്ടുതവണ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീലിന് അപേക്ഷ നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്ന് സൊസൈറ്റി സെക്രട്ടറി ഉമ്മർ അറക്കൽ പറഞ്ഞു. നിലവിൽ 1030 പേർ ഡയാലിസിസിനായി സൊസൈറ്റിയുടെ സഹായം തേടുന്നുണ്ട്. ഒരാൾക്ക് മാസം നാല് ഡയാലിസിസിനായി 2000 രൂപ വീതമാണ് സഹായം. വൃക്ക മാറ്റിവെച്ച 498 പേർക്ക് മരുന്ന് വാങ്ങാനുള്ള പണവും സൊസൈറ്റി നൽകുന്നു. ഇതിന് മാത്രം ശരാശരി 15 ലക്ഷമാണ് ചെലവ്. ജില്ലയിലെ പാലിേയറ്റിവ് ക്ലിനിക്കുകൾ വഴിയാണ് ഇവയുടെ വിതരണം. ഫണ്ടില്ലാത്തതിനാൽ ഇവർക്കുള്ള സഹായം നിർത്തി. അമ്പതോളം പുതിയ അപേക്ഷകളും തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.