മലപ്പുറം: സർക്കാർ അനുവദിച്ച സമയപരിധിക്കകം പദ്ധതിരേഖ സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തിയ രണ്ട് ഗ്രാമപഞ്ചായത്തുകളിലെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. കണ്ണമംഗലം, വെട്ടത്തൂർ പഞ്ചായത്തുകളിലെ സെക്രട്ടറിമാരെയും അസി. എൻജിനീയർമാരെയുമാണ് സസ്പെൻഡ് ചെയ്തത്. മന്ത്രിയുടെ നിർദേശപ്രകാരം തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. േമയ് 31-നകം പദ്ധതിരേഖ സമർപ്പിച്ച് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം നേടണമെന്നായിരുന്നു നിർദേശം. 1198 തദ്ദേശ സ്ഥാപനങ്ങൾ ഭാഗികമായെങ്കിലും പദ്ധതി സമർപ്പിച്ചു. എന്നാൽ, കണ്ണമംഗലം, വെട്ടത്തൂർ പഞ്ചായത്തുകൾ പദ്ധതിവിവരങ്ങൾ ചേർക്കാൻ തുടങ്ങിയിട്ടുപോലുമില്ലെന്ന് മന്ത്രി പറഞ്ഞു. മുന്നൂറോളം തദ്ദേശസ്ഥാപനങ്ങൾ പദ്ധതിരേഖ പൂർണമായും സമർപ്പിച്ച് അംഗീകാരം നേടി. ബാക്കിയുള്ളവർക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം നേടാൻ 15 വരെ സമയം നീട്ടിയതായി മന്ത്രി പറഞ്ഞു. 15ന് ശേഷം സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരവും പണവും നൽകില്ല. പദ്ധതിതുക നഷ്ടപ്പെടുത്തുന്നതിെൻറ പൂർണ ഉത്തരവാദിത്തം ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കുമായിരിക്കും. അവർക്കെതിരെ ശക്തമായ അച്ചടക്ക നടപടിയുണ്ടാകുമെന്നും കെ.ടി. ജലീൽ പറഞ്ഞു. 1500 ചതുരശ്ര അടിയിൽ താഴെയുള്ള വീടുകൾക്ക് താൽക്കാലിക നമ്പർ കൊടുക്കുമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ചില പഞ്ചായത്തുകളിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അവർക്കെതിരെ നടപടിയെടുക്കും. തദ്ദേശസ്ഥാപനങ്ങളിൽ പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കുടുംബശ്രീയുടെ മീഡിയാശ്രീ കേസിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.