നിലമ്പൂർ: രാഷ്ട്രീയ ചാണക്യൻ കുഞ്ഞാക്കയുടെയും വിപ്ലവനായകൻ കുഞ്ഞാലിയുടെയും മണ്ണായ തേക്കിൻ നാട്ടിൽ യു.ഡി.എഫിന് ഇത്തവണ സമ്പൂർണ ആധിപത്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും വിജയിച്ചാണ് കരുത്ത് കാട്ടിയത്. മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കണ്ട അതെ ഫാക്ട് നിലമ്പൂരിൽ നിലനിൽക്കുന്നുവെന്നതാണ് തെരഞ്ഞെടുപ്പ് ഫലം സൂചന നൽകുന്നത്.
നിലമ്പൂർ നഗരസഭയിൽ എൽ.ഡി.എഫ് ദയനീയ പരാജയം ഏറ്റുവാങ്ങി. മണ്ഡലത്തിലെ എല്ലാപഞ്ചായത്തുകളിലും മൃഗീയ സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് ഭരണത്തിലേറിയെത്. 24 സീറ്റോടെ നഗരസഭ ഭരണത്തിലുണ്ടായിരുന്ന എൽ.ഡി.എഫിന് ഏഴ് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. പ്രമുഖർ എല്ലാം തോറ്റതും തിരിച്ചടിയായി. എട്ടര വർഷത്തെ ഇടതുഭരണത്തിന് തടയിട്ടാണ് അമരമ്പലം പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തത്. 22 സീറ്റിൽ 17 എണ്ണത്തിൽ വിജയിച്ചാണ് അമരമ്പലം യു.ഡി.എഫ് പാളത്തിലാക്കിയെത്. അഞ്ച് സീറ്റുകളിൽ മാത്രമാണ് ഇടതിന് ജയിക്കാനായത്.
20 സീറ്റുകളിൽ പത്ത് വീതം സീറ്റുകൾ നേടി ഒപ്പത്തിനൊപ്പം നിന്നിരുന്ന ചുങ്കത്തറ പഞ്ചായത്തിൽ ഇത്തവണ 17 സീറ്റുകൾ നേടി യു.ഡി.എഫ് ആധിപത്യം ഉറപ്പിച്ചു. കോട്ടേപ്പാടം വാർഡിൽ നിന്നും വിജയിച്ച് ബി.ജെ.പി ചുങ്കത്തറയിൽ അക്കൗണ്ട് തുറന്നതും ശ്രദ്ധേയമായി. എൽ.ഡി.എഫ് ഭരണത്തിലുണ്ടായിരുന്ന പോത്തുകല്ലും യു.ഡി.എഫ് മൃഗീയ ഭൂരിപക്ഷത്തോടെ കൈപിടിയിലൊതുക്കി. 19 വാർഡുകളിൽ 16 ലും വിജയിച്ചാണ് യു.ഡി.എഫ് ഇവിടെ ഭരണം തിരിച്ചുപിടിച്ചത്. എടക്കരയിൽ 19 വാർഡുകളിൽ 12 ലും വിജയകൊടി നാട്ടി ആറാം തവണയും യു.ഡി.എഫ് കുത്തക നിലനിർത്തി.
ഇരുമുന്നണികളെയും തോളിലേറ്റിയ വഴിക്കടവിൽ കഴിഞ്ഞ തവണത്തെക്കാൾ മൂന്ന് സീറ്റുകൾ അധികം നേടിയാണ് ഇത്തവണയും യു.ഡി.എഫ് ഭരണം നിലനിർത്തിയെത്. മൂത്തേടം പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് നടന്ന 17 വാർഡിൽ 16 ലും യു.ഡി.എഫ് വിജയിച്ചു. കരുളായി പഞ്ചായത്തിലും യു.ഡി.എഫ് കരുത്ത് തെളിയിച്ചു. 17 വാർഡിൽ 11ലും യു.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ടി.എം.സി ഒരു സീറ്റിൽ വിജയിച്ചത് ചരിത്രമായി. മണ്ഡലത്തിൽ ടി.എം.സി ഇതിലൂടെ അക്കൗണ്ട് തുറന്നു. നഗരസഭയിലെ ഒരു സീറ്റ് ബി.ജെ.പി നിലനിർത്തി.
നേരത്തെ ഉണ്ടായിരുന്ന സിറ്റിങ് സീറ്റ് കുറഞ്ഞ വോട്ടിന് ബി.ജെ.പിക്ക് നഷ്ടമായെങ്കിലും തൊട്ടടുത്ത ആശുപത്രിക്കുന്ന് വാർഡ് ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു. ചുങ്കത്തറ കോട്ടേപ്പാടത്തും ബി.ജെ.പി വിജയിച്ച് പഞ്ചായത്തിൽ അക്കൗണ്ട് തുറന്നു. ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇരുപതിനായിരത്തിന് അടുത്ത് വോട്ടുകൾ നേടിയ പി.വി.അൻവർ യു.ഡി.എഫിന്റെ ഭാഗമകുകകൂടി ചെയ്താൽ മണ്ഡലം യു.ഡി.എഫിന്റെ ഉരുക്ക്കോട്ടയായി നിലനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.