തിരൂർ: സമീപകാലത്തെ യു.ഡി.എഫിന്റെ ഏറ്റവും ആധികാരിക വിജയമാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ്. തിരൂർ നിയമസഭ മണ്ഡലത്തിൽപ്പെട്ട തിരൂർ നഗരസഭ, ഗ്രാമ പഞ്ചായത്തുകളായ വെട്ടം, തലക്കാട്, തിരുനാവായ, ആതവനാട്, കൽപകഞ്ചേരി, വളവന്നൂർ എന്നിവിടങ്ങളിലെല്ലാം യു.ഡി.എഫ് സമഗ്രാധിപത്വമാണ് കണ്ടത്. തിരൂർ നഗരസഭയിൽ ഉജ്ജ്വല വിജയത്തിനു പുറമെ 25 വർഷത്തിനു ശേഷം തലക്കാട് പഞ്ചായത്ത് തിരിച്ചു പിടിക്കാനും ആയി.
കഴിഞ്ഞ തവണ നഷ്ടമായ വെട്ടം പഞ്ചായത്തിനു പുറമെ വളവന്നൂർ, കൽപകഞ്ചേരി, ആതവനാട്, തിരുനാവായ എന്നിവിടങ്ങളിൽ ഭരണം നിലനിർത്താനും കഴിഞ്ഞു. യു.ഡി.എഫിൽ മുസ്ലിം ലീഗിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. തിരൂർ നഗരസഭയിൽ മാത്രം മത്സരിച്ച 26 സീറ്റിൽ 25ലും വിജയിക്കാൻ ലീഗിന് കഴിഞ്ഞു. കൂടാതെ, തിരൂർ നിയമസഭ മണ്ഡലത്തിൽ സമീപകാലത്ത് ആറ് പഞ്ചായത്തുകളും നിലനിർത്താനായത് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കം നൽകും. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ 7,214 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ലീഗിലെ കുറുക്കോളി മൊയ്തീൻ വിജയിച്ചത്.
അതേസമയം, സമീപകാലത്തെ എൽ.ഡി.എഫിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. 25 വർഷത്തിനു ശേഷം തലക്കാട് പഞ്ചായത്ത് ഭരണം നഷ്ടമായ എൽ.ഡി.എഫിന് കഴിഞ്ഞ തവണ ഭരണം പിടിച്ച വെട്ടം പഞ്ചായത്ത് നഷ്ടമാവുകയും വളവന്നൂർ പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാമെന്ന മോഹത്തിന് വൻ തിരിച്ചടിയാണേറ്റത്. തിരൂർ നഗരസഭയിൽ കഴിഞ്ഞ തവണ ലഭിച്ച 16 സീറ്റിൽനിന്ന് ഇത്തവണ എട്ട് സീറ്റിലേക്ക് ഇടതു മുന്നണി കൂപ്പുകുത്തി. തിരൂർ നിയമസഭ മണ്ഡലത്തിൽ എൻ.ഡി.എക്കും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. എന്നാൽ, യു.ഡി.എഫ് പിന്തുണയോടെ തിരൂർ നഗരസഭയിൽ അക്കൗണ്ട് തുടങ്ങാനായത് വെൽഫെയർ പാർട്ടിക്ക് നേട്ടമായപ്പോൾ എസ്.ഡി.പി.ഐക്ക് ഒരു സീറ്റും നേടാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.