മലപ്പുറം : ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫ് ഏറ്റുവാങ്ങിയ സമ്പൂർണ പരാജയം ചരിത്രത്തിലാദ്യത്തേത്. നിലവിൽ വന്ന 1995 മുതൽ യു.ഡി.എഫിനൊപ്പം നിന്ന ജില്ല പഞ്ചായത്തിൽ ആദ്യമായാണ് എൽ.ഡി.എഫ് ഒറ്റ ഡിവിഷനും ലഭിക്കാതെ സംപൂജ്യരാകുന്നത്. ആകെയുള്ള 33 ഡിവിഷനുകളിൽ മുഴുവൻ എണ്ണത്തിലും വിജയിച്ചാണ് ഇത്തവണ യു.ഡി.എഫിന്റെ തേരോട്ടം. കാലങ്ങളായി ഇടതിനൊപ്പം നിന്ന ഡിവിഷനുകളിൽപോലും എൽ.ഡി.എഫിന് കാലിടറുന്ന കാഴ്ചയാണ് കാണാനായത്. 2020ൽ ആകെയുണ്ടായിരുന്ന 32 ഡിവിഷനുകളിൽ എൽ.ഡി.എഫിന് അഞ്ച് മെംബർമാരുണ്ടായിരുന്നു. എന്നാൽ, ഇത്തവണ ഒരാളെപോലും വിജയിപ്പിക്കാൻ ഇടതിനായില്ല.
1995ൽ അഡ്വ.കെ.പി. മറിയുമ്മയുടെ അധ്യക്ഷതയിൽ നിലവിൽ വന്ന ആദ്യത്തെ ജില്ല പഞ്ചായത്ത് ഭരണസമിതിയിൽ ആകെയുള്ള 25 മെംബർമാരിൽ നാലുപേർ എൽ.ഡി.എഫായിരുന്നു. ശേഷം 2000ലെ ഭരണ സമിതിയിലും നാല് പേർ ഇടംപിടിച്ചു. 2005 ലാണ് ഇടതിന് ഏറ്റവും കൂടുതൽ അംഗങ്ങളെ കിട്ടിയത്. അന്ന് ആകെയുളള 31 ഡിവിഷനുകളിൽ ഏഴ് ഇടങ്ങളിൽ എൽ.ഡി.എഫ് ജയിച്ചു. സംസ്ഥാനമൊട്ടാകെ എൽ.ഡി.എഫിനെ കൈയ്യൊഴിഞ്ഞ 2010 ലെ തെരഞ്ഞെടുപ്പിലും രണ്ട് പേരെ വിജയിപ്പിക്കാൻ മുന്നണിക്കായിരുന്നു. 2015ലും 2020 ലും അഞ്ച് പേർ വീതമാണ് എൽ.ഡി.എഫിൽ നിന്നും ജില്ലപഞ്ചായത്തിലെത്തിയത്. എന്നാൽ, ഇത്തവണ കേരളത്തിൽ ആഞ്ഞുവീശിയ ഭരണവിരുദ്ധ വികാരം ഇടതുപക്ഷത്തെ ജില്ല പഞ്ചായത്തിൽ നിന്നും നാമാവശേഷമാക്കി.
ശക്തി കേന്ദ്രമായിരുന്ന മാറാഞ്ചേരി ഡിവിഷനിൽ അവസാന നിമിഷം വരെ മത്സരം തുടർന്നെങ്കിലും ഒടുവിൽ കൈവിട്ടു. സി.പി.ഐയുടെ സിറ്റിങ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായ സുലൈഖ റസാഖാണ് വിജയിച്ചത്. 577 വോട്ടിന് സി.പി.ഐയുടെ ഷാജിറ മനാഫിനെയാണ് തോൽപിച്ചത്.
ഇടത് കോട്ടയായിരുന്ന തവനൂരിലും ചങ്ങരംകുളത്തും ഇത്തവണ യു.ഡി.എഫ് വിജയിച്ചു. തവനൂരിൽ കോൺഗ്രസിന്റെ കെ. മെഹറുന്നീസയും ചങ്ങരംകുളത്ത് മുസ്ലിം ലീഗിന്റെ അഷ്ഹറുമാണ് വിജയികളായത്. ചേറുർ ഡിവിഷനിൽ മത്സരിച്ച മുസ്ലിം ലീഗിന്റെ യാസ്മിൻ അരിമ്പ്രക്കാണ് ഏറ്റവും വലിയ ഭൂരിപക്ഷം. 33668 വോട്ടിനാണ് എതിർസ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. ഒതുക്കുങ്ങൾ, വേങ്ങര ഡിവിഷനുകളിലും യു.ഡി.എഫിന്റെ സ്ഥാനാർഥികൾ 30000 ലധികം വോട്ടുകൾ ഭൂരിപക്ഷം നേടി.
26 പേരുടെ ഭൂരിപക്ഷം പതിനായിരം കടന്നു. കനത്ത മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വഴിക്കടവിലും ചുങ്കത്തറയിലും തൃക്കലങ്ങോടും യു.ഡി.എഫ് അനായാസം നേടിയെടുത്തു. ഇടതിന്റെ ശക്തികേന്ദ്രങ്ങളായ തവനൂർ, പൊന്നാനി നിയമസഭ മണ്ഡലങ്ങളിലെ ഡിവിഷനുകൾ പോലും നഷ്ടമായ ജനവിധി എൽ.ഡി.എഫിന് ജില്ലയിൽ കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.