കോങ്ങാട്: ഇടതുമുന്നണിയുടെ സ്വാധീനമേഖലയിൽ യു.ഡി.എഫ് തേരോട്ടം നടത്തിയ കാഴ്ചയാണ് കോങ്ങാട് നിയമസഭ മണ്ഡലത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം. എൽ.ഡി.എഫിലെ പ്രമുഖ പാർട്ടികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പടലപ്പിണക്കം, സി.പി.എമ്മിലെ വിഭാഗീയത വഴി ഉരുത്തിരിഞ്ഞ വിമതശല്യം, ഭരണ കോട്ടങ്ങൾ എന്നിവ നിലവിലുള്ള ഇടത് കോട്ടക്ക് വിള്ളൽ വീഴ്ത്തി.
പറളിയിൽ പഴയ പ്രകടനം നിലനിർത്തിയ എൽ.ഡി.എഫിന് എട്ട് സീറ്റ് നേടിയെങ്കിലും തനിച്ച് ഭൂരിപക്ഷം ഇല്ലാതായി.
മണ്ണൂരിൽ സി.പി.ഐയും സി.പി.എമ്മും അഞ്ച് വാർഡുകളിൽ നേർക്കുനേർ മത്സരിച്ചെങ്കിലും എൽ.ഡി.എഫിന് ആറ് സീറ്റ് നേടാനായി. മങ്കരയിൽ യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തു. കഴിഞ്ഞ തവണ അധികാരത്തിലേറിയ എൽ.ഡി.എഫിന് കാഞ്ഞിരപ്പുഴയിൽ ഭരണം നഷ്ടപ്പെട്ടത് സി.പി.എമ്മിനകത്തെ വിഭാഗീയത കാരണമാണ്.
തച്ചമ്പാറ, കരിമ്പ, കാഞ്ഞിരപ്പുഴ, കാരാകുർശ്ശി പഞ്ചായത്തുകളിൽ ഇടതിന് ഭൂരിപക്ഷം ഇല്ലാതായി. കോങ്ങാട്, കേരളശ്ശേരി, മണ്ണൂർ, മങ്കര പഞ്ചായത്തുകളാണ് ഇതിനപവാദം. കോങ്ങാട്, കേരളശ്ശേരി, മങ്കര പഞ്ചായത്തുകളിൽ സി.പി.എം വ്യക്തിമുദ്ര പതിപ്പിച്ചെങ്കിലും മണ്ഡലം ഉണ്ടായ കാലം മുതൽ ഇടതിനോട് ചേർന്നുനിന്ന കോങ്ങാട് മണ്ഡലത്തിലെ എൽ.ഡി.എഫിന്റെ അപചയം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന ആശങ്ക ഇല്ലാതില്ല.
കേരളശ്ശേരിയിൽ യു.ഡി.എഫിന് ഒന്നും നേടാനായില്ലെങ്കിലും കോങ്ങാട് ഉൾപ്പെടെ പഞ്ചായത്തുകളിൽ കൂടുതൽ സീറ്റുകൾ നേടാനായി. എൻ.ഡി.എയിലെ ബി.ജെ.പി പറളിയിൽ തുല്യ ശക്തിയായപ്പോൾ മണ്ഡലത്തിൽ മൊത്തം 19 വാർഡുകളിൽ വിജയിക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.