പരപ്പനങ്ങാടി: 2025ലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സമ്മതിദായകർ തിരൂരങ്ങാടി നിയോജക മണ്ഡലത്തെ യു.ഡി.എഫിന് തീറെഴുതി നൽകിയ അവസഥയാണ്. 2016ൽ തിരൂരങ്ങാടി നിയമ സഭ മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി രംഗത്തെത്തിയ നിയാസ് പുളിക്കലകത്ത് തീർത്ത പ്രതീക്ഷയുടെ ഓളമാണ് പത്തുവർഷം കൊണ്ട് കെട്ടടങ്ങിയത്. മുപ്പതിനായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് എ.ഐ.വൈ.എഫ് യുവ നേതാവിനെ 2011ൽ തറപറ്റിച്ച പി.കെ. അബ്ദുറബ്ബിനെ 2016ൽ ഇടത് സ്വതന്ത്രനായി മത്സരിച്ച നിയാസ് പുളിക്കലകത്ത് 6043 വോട്ടിന്റെ ഭൂരിപക്ഷത്തിലേക് പിടിച്ചിറക്കിയതോടെയാണ് തിരൂരങ്ങാടിയെ പിടിച്ചാൽ കിട്ടുമെന്ന മോഹം ഇടത് കേന്ദ്രങ്ങളിൽ മുള പൊട്ടിയത്.
തുടർന്ന് 2021ൽ കെ.പി.എ മജീദിനെതിരെ എൽ.ഡി.എഫ് സ്വതന്ത്രനായി നിയാസ് പുളിക്കലകത്തിനെ തന്നെ രംഗത്തിറക്കിയെങ്കിലും രാഷ്ട്രീയ കാലാവസ്ഥയിൽ മാറ്റം വന്നു തുടങ്ങി. എന്നാൽ, ഈ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് ഭൂരിപക്ഷം പതിനായിരത്തിൽ താഴെ ഒതുങ്ങിയത് തിരൂരങ്ങാടിയിലെ പ്രതീക്ഷകൾ കൈവിടാനായിട്ടില്ലന്ന് ഇടത് കേന്ദ്രങ്ങൾ തീർച്ചപെടുത്തി. അതേസമയം, 2024ൽനടന്ന പാർലമെൻറ് തെരഞെടുപ്പിൽ ലീഗ് ദേശീയ നേതാവ് എം. പി. അബ്ദു സമദ് സമദാനി ലോക സഭ യിലേക് വെട്ടിയ രാജപാതയിൽ രണ്ട് ലക്ഷത്തിലധികം കൈവന്ന മഹാ ഭൂരിപക്ഷത്തിൽ തിരൂരങ്ങാടി 47000 ത്തിലധികം ഭൂരിപക്ഷം സമ്മാനിച്ചതോടെ തിരൂരങ്ങാടിയിലെ ഇടത് പ്രതീക്ഷകൾ പാടെ നിറം മങ്ങി.
തിരൂരങ്ങാടി മണ്ഡലം പച്ച വിട്ട് എങ്ങോട്ടുമില്ലന്നാണ് പുതിയ വിധി എഴുതിയത്. പരപ്പനങ്ങാടി നഗരസഭയിൽ നേരത്തെ ഇടതിനുണ്ടായിരുന്ന 13 സീറ്റ് പത്തിലൊതുങ്ങി. യു.ഡി.എഫ് നില കൂടുതൽ ഭദ്രമാക്കി. കഴിഞ്ഞ തവണ 25 സീറ്റുണ്ടായിരുന്ന ലീഗ് 27ലേക്കും, മൂന്ന് സീറ്റുണ്ടായിരുന്ന കോൺഗ്രസ് ഏഴിലേക്കും വളർന്ന് ആകെ 33 സീറ്റുനേടി. മൂന്നുണ്ടായിരുന്ന ബി.ജെ.പിക്ക് സീറ്റ് വർധിപ്പിക്കാനായില്ല. തിരൂരങ്ങാടി നഗര സഭയിലും യു.ഡി.എഫിന്റെ നില സമാനമാണ്. മുസ്ലിം ലീഗ് 24 , കോൺഗ്രസ് -ഒമ്പത്, സി.എം.പി -ഒന്ന് , എൽ.ഡി എഫ് -നാല് എന്നിങ്ങനെയാണ് കക്ഷി നില.
പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിൽ ഒറ്റക് മത്സരച്ച് 18ൽ 12 ഉം നേടി ലീഗ് കരുത്തുകാട്ടി.അതേസമയം, രണ്ടു സീറ്റുകളുടെ വർധനവുണ്ടായ തെന്നലയിൽ ഇടപക്ഷത്തിന് രണ്ടു സീറ്റുകൾ ഇത്തവണ അധികം നേടാനായിട്ടുണ്ട്. ആകെയുളള 19 സീറ്റിൽ യു.ഡി.എഫ് 14, എൽ.ഡി.എഫ് അഞ്ചും സീറ്റുകൾ നേടി. തിരൂരങ്ങാടി മണ്ഡലത്തിന്റെ ഭാഗമായ 18 വാർഡുകളുള്ള എടരിക്കോട് ഗ്രാമ പഞ്ചായത്തിലും പകുതി യിലേറെ സീറ്റുകളിൽ ലീഗും (10), നാല് സീറ്റിൽ കോൺഗ്രസും, സി.പി.എം മൂന്നു വാർഡുകളിലും എസ്.ഡി.പി.ഐ ഒന്നിലും വിജയകൊടി നാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.