വളാഞ്ചേരി: വികസന പ്രവർത്തനങ്ങളാണ് വളാഞ്ചേരി നഗരസഭയിൽ വീണ്ടും അധികാരത്തിലെത്താൻ യു.ഡി.എഫിന് വഴിയൊരുക്കിയത്. ടൗണിൽ ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് നഗരസഭയിൽ ഉണ്ടായത്. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നരിപ്പറ്റ വാർഡിൽ നിന്നും 103 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു. എൽ.ഡി.എഫ് പിന്തുണ നൽകിയ ലീഗ് വിമതൻ ഷഫീഖ് 324 വോട്ടുകൾ നേടി രണ്ടാം സ്ഥാനം നേടി. ഇവിടെ ഇടതുമുന്നണിയുടെ ഔദ്യോഗിക സ്ഥാനാർഥി സൈനുദ്ദീന് ആറുവോട്ടുകൾ മാത്രമാണ് ലഭിച്ചത്. സി.പി.എം നേതാവ് എൻ. വേണുഗോപാലിന്റെ പരാജയം എൽ.ഡി.എഫിന് വലിയ തിരിച്ചടിയായി.
പൈങ്കണ്ണൂർ വാർഡിൽ നിന്നും മത്സരിച്ച കോൺഗ്രസ് പ്രതിനിധി റസാഖ് 306 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വേണുഗോപാലിനെ തോല്പിച്ചത്. മൂച്ചിക്കൽ വാർഡിൽ മുസ്ലിം ലിഗ് സ്ഥാനാർഥി ജലാലുദ്ദീൻ എന്ന മാനു കെ.എം.സി.സി നേതാവായ ലീഗ് വിമതൻ ജാഫർ നീറ്റുക്കാട്ടിലിനെ പരാജയപ്പെടുത്തി. എട്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജലാലുദ്ദീൻ ജയിച്ചത്. വെൽഫെയർ പാർട്ടിക്ക് നഗരസഭയിൽ ഏറ്റവും കൂടുതൽ വോട്ടുള്ള വാർഡാണ് മൂച്ചിക്കൽ. ലീഗ് നഗരസഭ ജനറൽ സെക്രട്ടറി മുഹമ്മദലി നീറ്റുക്കാട്ടിലിന്റെ സഹോദരനാണ് ജാഫർ. എൽ.ഡി.എഫ് സ്ഥാനാർഥി അബൂബക്കർ ഓണിയിലിന് ഇവിടെ ഏഴ് വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
പത്ത് വാർഡുകളിൽ മത്സരിച്ച കോൺഗ്രസിന് ഒമ്പതിൽ വിജയിക്കാനായി. 22 വാർഡുകളിൽ മത്സരിച്ച ലീഗ് 16 ലും വിജയിച്ചു. യു.ഡി.എഫ് പിന്തുണയോടെ വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർഥി മുക്കില പീടിക വാർഡ് നിലനിർത്തി. യു. മുജീബ് റഹ്മാനാണ് ഈ വാർഡിൽ വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആദ്യമായി ബി.ജെ.പി ക്ക് നഗരസഭയിൽ ഒരു കൗൺസിലറെ ലഭിച്ചിരുന്നുവെങ്കിലും ആ സ്ഥാനം നിലനിർത്താൻ ബി.ജെ.പിക്ക് ആയില്ല.
താമരക്കുളം, വൈക്കത്തൂർ, അമ്പലപ്പറമ്പ് വാർഡുകളിൽ രണ്ടാം സ്ഥാനത്ത് ബി.ജെ.പി സ്ഥാനാർഥികൾ എത്തി. നഗരസഭ ചെയർമാൻ സ്ഥാനം വനിതക്കാണ്. തെരഞ്ഞടുപ്പ് സമയത്ത് ചെയർപേഴ്സൻ സ്ഥാനത്തേക്ക് യു.ഡി.എഫ് ആരെയും ചുണ്ടിക്കാണിച്ചിരുന്നില്ല.കൗൺസിലർമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം മാത്രമേ നഗരസഭ ചെയർപേഴ്സനെ തീരുമാനിക്കുകയുള്ളൂ. നിലവിലെ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിന്റെ അഭിപ്രായത്തിന് മുൻതൂക്കാൻ കിട്ടാനാണ് സാധ്യത. വൈ.ചെയർമാൻ സ്ഥാനം കോൺഗ്രസിനും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.