താലൂക്ക് ആശുപത്രി: ഡി.എം.ഒയെ പങ്കെടുപ്പിച്ച് ഫെബ്രുവരി ഒന്നിന് യോഗം

മലപ്പുറം: കോട്ടപ്പടി ഗവ. താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥക്ക് പരിഹാരം തേടി ഫെബ്രുവരി ഒന്നിന് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി യോഗം ചേരും. ജില്ല മെഡിക്കല്‍ ഓഫിസര്‍ അടക്കമുള്ളവരെ പങ്കെടുപ്പിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ബുധനാഴ്ച ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്‍ത്ത ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് കക്ഷി നേതാവ് ഹാരിസ് ആമിയാനാണ് വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചത്. ജില്ല ആസ്ഥാനത്തെയും പരിസരത്തെയും സാധാരണക്കാരുടെ ഏക ആശ്രയമായ ആശുപത്രിയുടെ അവസ്ഥ ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ആശുപത്രി പ്രശ്നം നിരന്തരം ഉന്നയിച്ചിരുന്ന പ്രതിപക്ഷം ഇപ്പോള്‍ മൗനം പാലിക്കുന്നതെന്തിനാണെന്ന് ഭരണകക്ഷി അംഗങ്ങള്‍ ചോദിച്ചു. ആശുപത്രിയില്‍ രണ്ട് ഫിസിഷ്യന്മാരിലൊരാളെ മാസങ്ങള്‍ക്ക് മുമ്പ് മഞ്ചേരിയിലേക്ക് മാറ്റിയെങ്കിലും ഇതുവരെ പകരമാളത്തെിയില്ല. നേരത്തേ രണ്ട് സീനിയര്‍ ഗൈനക്കോളജിസ്റ്റുകള്‍ ഉള്‍പ്പെടെ നാലുപേര്‍ ഇവിടെ ഉണ്ടായിരുന്നു. ഇതില്‍ രണ്ടുപേരെ മഞ്ചേരിയിലേക്ക് മാറ്റി. ബാക്കിയുള്ളവരിലൊരാള്‍ക്ക് അടുത്തിടെ സൂപ്രണ്ടിന്‍െറ ചുമതലകൂടി നല്‍കിയതോടെ ഗൈനക്കോളജി വിഭാഗം അവതാളത്തിലായി. നൂറുകണക്കിന് ഗര്‍ഭിണികള്‍ ദിവസം ഇവിടെ പരിശോധനക്കത്തെുന്നു. രാവിലെ എത്തി മണിക്കൂറുകള്‍ വരിനിന്ന് ഒ.പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണാന്‍ പിന്നെയും മണിക്കൂറുകള്‍ വരിനില്‍ക്കേണ്ടി വരികയാണ് ഇവര്‍ക്ക്. ഒരു സര്‍ജന്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. നിലവിലുള്ളയാള്‍ അവധിയിലോ നൈറ്റ് ഡ്യൂട്ടിയിലോ ആണെങ്കില്‍ രോഗികള്‍ കാത്തുനില്‍ക്കണം. എക്സ് റേ യൂനിറ്റ് പ്രവര്‍ത്തനം അവതാളത്തിലായിട്ട് മാസങ്ങളായി. ഡിസംബറില്‍ സ്ഥലംമാറിയ ടെക്നീഷ്യന് പകരം ഇതുവരെ ആളത്തെിയിട്ടില്ല. പുറത്തുനിന്ന് വലിയ തുക മുടക്കി എക്സ് റേ എടുക്കേണ്ട ഗതികേടിലാണ് രോഗികള്‍. അത്യാഹിതവിഭാഗത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കുക, ഫാര്‍മസി പ്രവര്‍ത്തനം ഏഴുവരെയാക്കുക എന്നീ ആവശ്യങ്ങളും നടപ്പായിട്ടില്ല. അതേസമയം, ആശുപത്രി വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്ന് സി.പി.എം കൗണ്‍സിലര്‍ കല്ലിടുമ്പില്‍ വിനോദ് പറഞ്ഞു. രണ്ടു മാസം മുമ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയും ഉടന്‍ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തതാണ്. ഇക്കാര്യത്തില്‍ തുടര്‍ന്നും സജീവമായി ഇടപെടും. അടുത്ത ദിവസം പാര്‍ട്ടി പ്രാദേശിക നേതൃത്വം തിരുവനന്തപുരത്ത് പോയി വീണ്ടും മന്ത്രിയെ കാണുമെന്നും വിനോദ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.