കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന തീര്‍ഥാടകര്‍ക്ക് വിമാനക്കൂലി ഇനത്തില്‍ ലഭിക്കുന്ന സബ്സിഡി രണ്ട് വര്‍ഷത്തിനകം ഇല്ലാതാകും. വര്‍ഷങ്ങളായി തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സബ്സിഡിയാണ് സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഒഴിവാക്കുന്നത്. 2012 മേയിലാണ് ഹജ്ജ് തീര്‍ഥാടനത്തിന് നല്‍കുന്ന സബ്സിഡി ഘട്ടംഘട്ടമായി ഒഴിവാക്കണമെന്ന് ജസ്റ്റിസ് അഫ്താബ് ആലം, രഞ്ജന പി. ദേശായി എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടത്. സബ്സിഡിക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്ന പണം മുസ്ലിം സമുദായത്തിന്‍െറ സാമൂഹിക-വിദ്യാഭ്യാസ ഉന്നമനത്തിന് മാറ്റിവെക്കണമെന്നായിരുന്നു കോടതി ഉത്തരവ്. മുസ്ലിം സംഘടനകളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരുന്നു ഉത്തരവ്. പത്ത് വര്‍ഷത്തിനകം സബ്സിഡി പൂര്‍ണമായി ഒഴിവാക്കാനായിരുന്നു നിര്‍ദേശം. 2012ല്‍ സംസ്ഥാനത്ത് നിന്നുള്ള ഒരു തീര്‍ഥാടകന് വിമാനക്കൂലി ഇനത്തില്‍ സബ്സിഡിയായി ലഭിച്ചത് 40,202 രൂപയായിരുന്നു. ഓരോ വര്‍ഷവും ഈ തുകയില്‍ കുറവ് വന്നിരുന്നു. കഴിഞ്ഞ വര്‍ഷം സബ്സിഡി തുക 15,200 ആയി കുറഞ്ഞു. ഈ വര്‍ഷം ഏകദേശം ഏഴായിരത്തോളം രൂപ സബ്സിഡി ഇനത്തില്‍ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019ഓടെ സംസ്ഥാനത്ത് നിന്നുള്ള തീര്‍ഥാടകര്‍ക്ക് വിമാനക്കൂലി ഇനത്തില്‍ ലഭിക്കുന്ന സബ്സിഡി പൂര്‍ണമായി ഇല്ലാതാകും. ഓരോ എംബാര്‍ക്കേഷന്‍ പോയന്‍റിനും സബ്സിഡി ഇനത്തില്‍ വ്യത്യസ്ത തുകയാണ് ഇപ്പോള്‍ ലഭിക്കുന്നത്. സബ്സിഡി ഒഴിവാക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത സംഘടനകളെല്ലാം ആവശ്യപ്പെട്ടത് വിമാനക്കൂലിയുടെ പേരിലുള്ള കൊള്ള ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു. വര്‍ഷങ്ങളായിട്ടും ഇതിനെതിരെ ഒരു നടപടിയും കൈക്കൊള്ളാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഇന്ത്യയില്‍നിന്ന് എയര്‍ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, നാസ് എയര്‍ലൈന്‍സ് എന്നിവര്‍ക്കാണ് ഹജ്ജ് സര്‍വിസിന് അനുമതി നല്‍കുന്നത്. വ്യോമയാനമന്ത്രാലയമാണ് ടിക്കറ്റ് നിരക്ക് ഹജ്ജ് കമ്മിറ്റിക്ക് നിര്‍ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.