ഉത്സവത്തിനിടെ കരിമരുന്ന് സ്ഫോടനം: മൂന്നുപേര്‍ അറസ്റ്റില്‍

എടപ്പാള്‍: പോട്ടൂര്‍ക്കാവ് ധര്‍മശാസ്ത്ര ക്ഷേത്രത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സ്ഫോടന നിരോധന നിയമപ്രകാരം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരിമരുന്ന് വില്‍പന നടത്തിയ പാലക്കാട് ആലൂര്‍ സ്വദേശി ചന്ദ്രന്‍ (50), ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് പി. രവികുമാര്‍, സെക്രട്ടറി ഷാജി എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്ര ഉത്സവത്തിനിടെ ചൊവ്വാഴ്ച പുലര്‍ച്ചെ 2.20നാണ് സ്ഫോടനം ഉണ്ടായത്. ക്ഷേത്രത്തിലെ ഊട്ടുപുരയോട് ചേര്‍ന്ന സ്റ്റോര്‍ റൂമിന്‍െറയും അഗ്രശാലയുടെയും ചുമരുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇവിടത്തെ ഇടുങ്ങിയ മുറിയില്‍ സൂക്ഷിച്ച ഏഴരക്കിലോ കരിമരുന്നാണ് സ്ഫോടനത്തിന് കാരണമായത്. കാലാവധി കഴിഞ്ഞ ലൈസന്‍സിന്‍െറ മറവിലാണ് ചന്ദ്രന്‍ വെടിമരുന്ന് വിതരണം ചെയ്തിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഇയാളുടെ ആലൂരിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ക്ഷേത്രത്തില്‍ കരിമരുന്ന് ഉപയോഗിക്കാന്‍ ലൈസന്‍സില്ലായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പ്രസിഡന്‍റ്, സെക്രട്ടറി എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതല്‍ പേര്‍ കേസില്‍ പ്രതികളാകാന്‍ സാധ്യതയുണ്ടെന്ന് പൊന്നാനി സി.ഐ ജോണ്‍സണ്‍ പറഞ്ഞു. മന്ത്രി സന്ദര്‍ശിച്ചു ആനക്കര: പോട്ടൂര്‍ക്കാവ് ധര്‍മശാസ്ത ക്ഷേത്രത്തില്‍ കരിമരുന്ന് സ്ഫോടനം നടന്ന സ്ഥലം മന്ത്രി കെ.ടി. ജലീല്‍ സന്ദര്‍ശിച്ചു. ബുധനാഴ്ച വൈകീട്ടാണ് മന്ത്രി ക്ഷേത്രത്തിലത്തെിയത്. ബി.ജെ.പി നേതാവ് രവി തേലത്ത് സംഭവസ്ഥലം സന്ദര്‍ശിച്ചു. അട്ടിമറി ശ്രമം വല്ലതുമാണെങ്കില്‍ സമഗ്ര അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു. വി.ടി. ബല്‍റാം എം.എല്‍.എയും ക്ഷേത്രം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.