കാട്ടുതീ തടയല്‍: വനംവകുപ്പ് പ്രത്യേക കര്‍മ പദ്ധതി ആവിഷ്കരിക്കുന്നു

നിലമ്പൂര്‍: നിത്യഹരിത വനമേഖല ഉള്‍പ്പടെയുള്ള നാടുകാണി ചുരം മേഖല കാട്ടുതീ മുക്തമാക്കാന്‍ വനംവകുപ്പ് പ്രത്യേക പദ്ധതി തയാറാക്കുന്നു. കഴിഞ്ഞവര്‍ഷം മേഖലയിലുണ്ടായ കനത്ത കാട്ടുതീ നിയന്ത്രിക്കാന്‍ വനംവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഹെക്ടര്‍ കണക്കിന് സ്വഭാവിക വനമാണ് കഴിഞ്ഞ വര്‍ഷം നാടുകാണി ചുരത്തില്‍ അഗ്നിക്കിരയായത്. ചുരം മേഖലയുടെ താഴ്വാര പ്രദേശം മുഴുവന്‍ കാട്ടുതീയില്‍ എരിഞ്ഞമര്‍ന്നു. ഇത് കാടിന്‍െറ ആവാസ വ്യവസ്ഥതന്നെ തകിടം മറിച്ചു. കൊടുംവേനലിലും ഉറവ വറ്റാതിരുന്ന ചുരത്തിലെ കാട്ടരുവികള്‍ ഇത്തവണ നേരത്തേ വറ്റിയത് മേഖലയിലുണ്ടായ കാട്ടുതീയുടെ പരിണിത ഫലമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍ വൃക്ഷങ്ങളുള്‍പ്പെടെ അഗ്നിക്കിരയായിരുന്നു. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഇത്തവണ കാട്ടുതീ പ്രതിരോധത്തിന് ചുരം മേഖലയില്‍ പ്രത്യേക പദ്ധതി വനംവകുപ്പ് ആവിഷ്കരിക്കുന്നത്. ചുരം മേഖല തുടങ്ങുന്ന ആനമറി മുതല്‍ തമിഴ്നാട് അതിര്‍ത്തി വരെയുള്ള പതിനൊന്നര കിലോമീറ്ററാണ് നിലമ്പൂര്‍ നോര്‍ത് ഡിവിഷനിലെ വഴിക്കടവ് റേഞ്ച് വനമേഖല. സ്വഭാവിക വനമേഖല അത്യപൂര്‍വ പക്ഷി-മൃഗാദികളുടെ ആവാസകേന്ദ്രം കൂടിയാണ്. കടുവ, സിംഹവാലന്‍ കുരങ്ങ് തുടങ്ങി വംശനാശ ഭീഷണി പട്ടികയിലുള്ള ജീവികളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വനമേഖലകൂടിയാണിത്. 30 മുതല്‍ 60 ഡിഗ്രിവരെ ചെരിവുള്ള മലമ്പ്രദേശമായതിനാല്‍ കാട്ടു തീ പടര്‍ന്നു പിടിച്ചാല്‍ നിയന്ത്രണ വിധേയമാക്കുക അത്ര എളുപ്പമല്ല. അന്തര്‍സംസ്ഥാന പാതയായ സി.എന്‍.ജി റോഡ് കടന്നുപോവുന്ന പാതയിലെ യാത്രക്കാര്‍ അലസമായി വലിച്ചെറിയുന്ന സിഗരറ്റ് പോലുള്ളവയില്‍നിന്ന് തീപടര്‍ന്നാണ് മേഖലയിലെ ഭൂരിഭാഗം തീപിടിത്തവും ഉണ്ടാവുന്നത്. ഇതുതടയാന്‍ വാഹനയാത്രക്കാര്‍ക്ക് ബോധവത്കരണം നല്‍കാന്‍ നാട്ടുകാരുടെയും ക്ളബുകളുടെയും സഹായത്തോടെ പ്രത്യേക ജാഗ്രത സമിതികള്‍ക്ക് രൂപം നല്‍കും. റോഡരികില്‍ ഫയര്‍ലൈന്‍ സ്ഥാപിക്കുന്നതിന് പുറമെ കൂടുതല്‍ ഫയര്‍ വാച്ചര്‍മാരെ നിയമിക്കും. ചുരം മേഖലയില്‍ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. മന$പൂര്‍വം തീയിടുന്നവര്‍ക്കെതിരെ വനം നിയമപ്രകാരമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് നോര്‍ത് ഡിവിഷന്‍ ഡി.എഫ്.ഒ ഡോ. ആര്‍. ആടലരശന്‍ പറഞ്ഞു. ജനുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയുള്ള മൂന്ന് മാസങ്ങളാണ് തീപിടിത്ത കാലമായി കാണുന്നത്. ജില്ലയില്‍ നിലമ്പൂര്‍ നോര്‍ത്-സൗത്ത് ഡിവിഷനുകളിലായി 767 ചതുരശ്ര കിലോമീറ്റര്‍ വനമാണുള്ളത്. കാട്ടു തീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലക്ക് ഇക്കുറി ചരിത്രത്തിലെ ഏറ്റവും കൂടിയ തുകയാണ് വകയിരുത്തിയിട്ടുള്ളത്. കരുളായി, കാളികാവ് എന്നീ രണ്ട് റേഞ്ചുകളുള്ള സൗത് ഡിവിഷനില്‍ 45.45 ലക്ഷവും വഴിക്കടവ്, നിലമ്പൂര്‍, എടവണ്ണ എന്നീ മൂന്ന് റേഞ്ചുകളുള്ള നോര്‍ത് ഡിവിഷനില്‍ 52 ലക്ഷം രൂപയുമാണ് നീക്കിവെച്ചത്. കഴിഞ്ഞ വര്‍ഷം അനുവദിച്ചതിന്‍െറ രണ്ടിരട്ടിയിലധികം തുകയാണിത്. നോര്‍ത് ഡിവിഷന് കഴിഞ്ഞ വര്‍ഷം 28 ലക്ഷവും സൗത് ഡിവിഷന് 14 ലക്ഷവുമാണ് അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.