ജലക്ഷാമത്തെക്കുറിച്ച് ചര്‍ച്ച മാത്രം; പ്രധാന പദ്ധതികളൊന്നും പൂര്‍ത്തിയായില്ല

മലപ്പുറം: ജില്ല വരള്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോഴും പരിഹരിക്കാന്‍ പ്രായോഗിക സമീപനമില്ലാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. മാസംതോറും ചര്‍ച്ച നടത്തി പിരിയുന്നതല്ലാതെ ആവിഷ്കരിച്ച പ്രധാന പദ്ധതികളൊന്നും ഇതുവരെ ലക്ഷ്യം കണ്ടില്ളെന്നാണ് ജനങ്ങളുടെ പരാതി. ജനവികാരം മുന്നില്‍ കണ്ടാണ് ഏതാനും എം.എല്‍.എമാര്‍ കഴിഞ്ഞദിവസം നടന്ന ജില്ല വികസന സമിതിയില്‍ ഉദ്യോഗസ്ഥരെ പഴിചാരിയത്. കുടിവെള്ള പദ്ധതികളോടുപോലും പ്രായോഗിക സമീപനം സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ മടികാണിക്കുന്നുവെന്നായിരുന്നു എം.എല്‍.എമാരുടെ പരാതി. എന്നാല്‍, സ്ഥലമെടുപ്പും മറ്റും പ്രശ്നമാണെന്നായിരുന്നു ഇതിന് ഉദ്യോഗസ്ഥരുടെ മറുവാദം. തിരുവാലി, വണ്ടൂര്‍ അടക്കം നാല് പഞ്ചായത്തുകളുടെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ ലക്ഷ്യമിട്ട 35 കോടിയുടെ ‘തിരുവാലി പദ്ധതി’ പിടിപ്പുകേടിനുള്ള മികച്ച ഉദാഹരണമായി ജനം ചൂണ്ടിക്കാട്ടുന്നു. ഒന്നാംഘട്ടം പൂര്‍ത്തിയാക്കി, രണ്ടാംഘട്ടത്തിന്‍െറ അവസാനമത്തെിയെന്ന് പറയുമ്പോഴും മൂന്നാംഘട്ടം തീര്‍ത്ത് ജലവിതരണം എന്നുതുടങ്ങുമെന്ന് പറയാന്‍ അധികൃതര്‍ക്കാവുന്നില്ല. പദ്ധതിയില്‍നിന്ന് 2018ല്‍ വെള്ളം ലഭിച്ചുതുടങ്ങുമെന്ന് സ്ഥലം എം.എല്‍.എ പറയുന്നുണ്ടെങ്കിലും കാത്തിരുന്നുകാണാമെന്നാണ് ജനാഭിപ്രായം. കാളികാവ് പഞ്ചായത്തിലും സമീപപ്രദേശങ്ങളിലേക്കും വെള്ളമത്തെിക്കാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച ‘മധുമല പദ്ധതി’ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാനായിട്ടില്ല. ടാങ്കില്‍ വെള്ളമുണ്ടെങ്കിലും ഇത് വിതരണം ചെയ്താല്‍ പ്രദേശങ്ങളിലെ റോഡുകള്‍ കുളമാകുന്ന അവസ്ഥയാണ്. പദ്ധതി മുഴുവനാക്കിയില്ളെങ്കിലും സ്ഥാപിച്ച പൈപ്പുകള്‍ ഗുണനിലവാരമില്ലാത്തവയാണെന്നാണ് ഇവിടത്തെ പരാതി. മലപ്പുറം നഗരസഭക്ക് ദാഹം തീര്‍ക്കാനുള്ള മൈലപ്പുറം-കാളംതട്ട പദ്ധതിയും അവതാളത്തിലാണ്. കടലുണ്ടി, തൂത, തിരൂര്‍ അടക്കം താരതമ്യേന വീതികുറഞ്ഞ പുഴകളില്‍ സ്ഥിരം ബണ്ടില്ലാത്തത് ഇവിടങ്ങളിലെ കുടിവെള്ള കിണറുകളെ ബാധിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഭാരതപ്പുഴയില്‍ ആനക്കര, കുറ്റിപ്പുറം, ചെമ്പിക്കല്‍, തിരുനാവായ എന്നിവിടങ്ങളില്‍ കിണറുകളുണ്ടെങ്കിലും ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. ‘ചമ്രവട്ടം പദ്ധതി’ വന്നതിന് ശേഷം പുറത്തൂര്‍, മംഗലം, തൃപ്രങ്ങോട് പഞ്ചായത്തുകളിലേക്ക് വെള്ളമത്തെിക്കാന്‍ ഏതാനും കിണറുകള്‍ ഭാരതപ്പുഴയില്‍ ചെറിയപറപ്പൂര്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഈ ഭാഗത്ത് അനധികൃത മണലെടുപ്പ് രൂക്ഷമാണ്. പുഴയുടെ ആഴം ക്രമാതീതമായി വര്‍ധിച്ചതിനാല്‍ വേനലില്‍ പോലും പ്രദേശത്തെ കിണറുകളില്‍ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്. കുടിവെള്ള സ്രോതസ്സിന് സമീപം അംഗീകൃത മണലെടുപ്പ് പോലും നിര്‍ത്തിവെക്കണമെന്നാണ് നിയമമെങ്കിലും തൃപ്രങ്ങോട് പഞ്ചായത്ത് ഇക്കാര്യം ഗൗനിച്ച മട്ടില്ല. വളാഞ്ചേരി നഗരസഭ പ്രദേശങ്ങള്‍ക്കടക്കമുള്ള ‘ഇരിമ്പിളിയം ത്വരിത ഗ്രാമീണ ശുദ്ധജല പദ്ധതി’ വ്യാപിപ്പിക്കണമെന്ന ആവശ്യം ഇനിയും നടപ്പായിട്ടില്ല. 20 ലക്ഷം രൂപ ചെലവില്‍ മറ്റൊരു പദ്ധതിയും നഗരസഭ നടപ്പാക്കുന്നുണ്ടെങ്കിലും ചര്‍ച്ച തുടങ്ങിയിട്ടേയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.