തെരുവുകച്ചവടത്തിനെതിരെ മഞ്ചേരി ബസ്സ്റ്റാന്‍ഡില്‍ സമരക്കച്ചവടം

മഞ്ചേരി: വഴിനടക്കാനാവാത്ത വിധം തെരുവുകച്ചവടം പെരുകിയിട്ടും നിയന്ത്രിക്കാന്‍ മഞ്ചേരി നഗരസഭ ഭരണസമിതി തയാറാകാത്തതിനെതിരെ പ്രതിഷേധിച്ച് വ്യാപാരികള്‍ ബസ്സ്റ്റാന്‍ഡില്‍ ഓലഷെഡ് കെട്ടി കച്ചവടം തുടങ്ങി. മത്സ്യവും പച്ചക്കറിയും ചെരിപ്പും വസ്ത്രങ്ങളും ഫാന്‍സി ഉല്‍പന്നങ്ങളും മണ്‍പാത്രങ്ങളുമടക്കമുള്ള ഉല്‍പന്നങ്ങള്‍ വില കുറച്ച് വില്‍പന നടത്തിയായിരുന്നു സമരം. കിലോഗ്രാമിന് 150 രൂപക്ക് മത്സ്യമാര്‍ക്കറ്റില്‍ ലഭ്യമായിരുന്ന അയല സമരപ്പന്തലില്‍ വിറ്റത് 100 രൂപക്കായിരുന്നു. വില കുറച്ച് വിറ്റ നിത്യോപയോഗ വസ്തുക്കളും ഈറ്റകൊണ്ട് നിര്‍മിച്ച കൊട്ടയും മുറം തുടങ്ങിയ കുടില്‍ വ്യവസായ ഇനങ്ങളും വാങ്ങാന്‍ ഏറെ പേര്‍ സമരപ്പന്തലിലത്തെി. മഞ്ചേരിയില്‍ മലപ്പുറം റോഡിലും പാണ്ടിക്കാട് റോഡിലും പാതയോരത്ത് പഴം, പച്ചക്കറി, റെഡിമെയ്ഡ് ഉല്‍പന്നങ്ങള്‍ എന്നിവ വില്‍ക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. തെരുവുകച്ചവടം ചിലര്‍ മൊത്തത്തില്‍ കൂലിക്ക് ആളെയെടുത്ത് നടത്തുന്നതായും വ്യാപാരികള്‍ കുറ്റപ്പെടുത്തി. നഗരസഭ അധ്യക്ഷ വി.എം. സുബൈദക്കും മുന്‍ അധ്യക്ഷന്‍ വല്ലാഞ്ചിറ മുഹമ്മദലിക്കും പരാതി നല്‍കിയപ്പോള്‍ നടപടിയെടുക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും പാലിക്കാതായാതോടെയാണ് ബസ്സ്റ്റാന്‍ഡില്‍ കച്ചവടം തുടങ്ങിയതെന്ന് വ്യാപാരികള്‍ പറഞ്ഞു. 22 വ്യാപാരികളാണ് ഷെഡ് കെട്ടി രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് വരെ കച്ചവടം നടത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസ്സന്‍കോയ വിഭാഗം) സംസ്ഥാന പ്രസിഡന്‍റ് കെ. ഹസ്സന്‍കോയ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ഇ.കെ. ചെറി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.