സാന്ത്വനം തേടി കിലോമീറ്ററുകള്‍ തനിച്ചുതാണ്ടി അവര്‍ കലക്ടറേറ്റില്‍

മലപ്പുറം: ശരീരം തളര്‍ന്നും മാരകരോഗങ്ങള്‍ ബാധിച്ചും ജീവിതം വഴിമുട്ടിയവര്‍ സാന്ത്വനംതേടി കലക്ടറേറ്റിലത്തെി. അപകടങ്ങളിലും മറ്റുമായി അരക്കുതാഴെ ചലനശേഷി നഷ്ടമായ അഞ്ചുപേര്‍ മുച്ചക്ര വാഹനങ്ങളില്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ടിനായി അപേക്ഷ നല്‍കിയത്. രണ്ടുപേരുടെ സഹോദരിമാര്‍ മാരകരോഗങ്ങള്‍ ബാധിച്ച് കിടപ്പിലായതിനാല്‍ അവര്‍ക്കുവേണ്ടിയും പരാതി പരിഹാര സെല്ലില്‍ അപേക്ഷ സമര്‍പ്പിച്ചു. ജില്ല കലക്ടറെ കാണുകയെന്ന ലക്ഷ്യത്തോടെയാണ് എത്തിയതെങ്കിലും സാധിച്ചില്ല. കൂടെ മറ്റാരുമില്ലാതിരുന്നതിനാല്‍ പരസ്പരം സഹായിച്ച് ഇവര്‍ അപേക്ഷ നല്‍കി മടങ്ങി. കരുവാരകുണ്ട് ചെറുമല ഉസ്മാന്‍ (33), അരിമണല്‍ അബ്ദുറസാഖ് (52), തരിശിലെ തച്ചാമ്പറ്റ ശിവദാസന്‍ (37), തുവ്വൂര്‍ കോഴിശ്ശേരി അബ്ദുസ്സലാം (45), വട്ടിപ്പറമ്പത്ത് ഷൗക്കത്ത് (34) എന്നിവര്‍ 20 വര്‍ഷത്തിനിടെ നട്ടെല്ലിന് ക്ഷതമേറ്റവരാണ്. ജോലിക്കിടെ കെട്ടിടത്തില്‍നിന്ന് വീഴുകയായിരുന്നു റസാഖ്. സലാമിന് കമുകില്‍നിന്നും ശിവദാസന് തെങ്ങില്‍നിന്നും വീണാണ് ചലനശേഷി നഷ്ടപ്പെട്ടത്. കുട്ടിയായിരിക്കെ തേങ്ങ ചുമന്ന് പോകവെ വീണത് ഷൗക്കത്തിന്‍െറയും നട്ടെല്ലിനുള്ളിലുണ്ടായ മുഴ ഉസ്മാന്‍െറയും ജീവിതത്തില്‍ ദുരന്തമായി. തളര്‍ന്നുകിടക്കുന്ന, ഷൗക്കത്തിന്‍െറ സഹോദരി റംലത്തിനും (38) മാരകരോഗം ബാധിച്ച, ഉസ്മാന്‍െറ സഹോദരി ഹഫ്സത്തിനും (36) വേണ്ടിയും ഇവര്‍ അപേക്ഷ നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.