മലപ്പുറം നഗരസഭ: ലീഗ് കൗണ്‍സിലര്‍മാരില്‍ ചേരിതിരിവ്; കക്ഷി നേതാവ് രാജിവെച്ചു

മലപ്പുറം: മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ഉടലെടുത്ത ചേരിതിരിവിനൊടുവില്‍ പാര്‍ട്ടി നഗരസഭ കക്ഷി നേതാവ് സ്ഥാനം രാജിവെച്ചു. നഗരസഭ ലീഗ് നേതൃത്വത്തിലെ പ്രമുഖനായ ഹാരിസ് ആമിയനാണ് മുനിസിപ്പല്‍ ലീഗ് പ്രസിഡന്‍റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് രാജിക്കത്ത് നല്‍കിയത്. കൗണ്‍സിലര്‍മാര്‍ക്കിടയില്‍ തനിക്കെതിരെ നടക്കുന്ന നീക്കം മനസ്സിലാക്കി ഹാരിസ് സ്ഥാനമൊഴിയുകയായിരുന്നുവെന്നാണ് വിവരം. ലീഗിന് ഒറ്റക്ക് ഭൂരിപക്ഷമുള്ള നഗരസഭയില്‍ പാര്‍ട്ടി പ്രതിനിധി സി.എച്ച്. ജമീലയാണ് ചെയര്‍പേഴ്സന്‍. ഭരണകാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കാന്‍ താമരക്കുഴി വാര്‍ഡ് അംഗമായ ഹാരിസിനെയും പാര്‍ട്ടി നേതൃത്വം ചുമതലപ്പെടുത്തിയിരുന്നു. ഇദ്ദേഹം കാര്യങ്ങള്‍ നിര്‍വഹിച്ചുവരവെയാണ് കൗണ്‍സിലിലെ ഒരുവിഭാഗത്തിന് അനഭിമതനായത്. വിവിധ പ്രവൃത്തികളുടെ കരാര്‍ നല്‍കുന്നത് സംബന്ധിച്ച വിഷയങ്ങളാണ് ഹാരിസിനെതിരെ തിരിയാന്‍ ഇവരെ പ്രേരിപ്പിച്ചതത്രെ. കരാറുകാരായ കൗണ്‍സിലര്‍മാരാണ് നീക്കത്തിന് പിന്നില്‍. സ്ഥിരംസമിതി അധ്യക്ഷരിലൊരാളാണ് ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത്. കൗണ്‍സിലര്‍മാര്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ അതത് വാര്‍ഡ് ലീഗ് കമ്മിറ്റിയുടെ അനുമതി വാങ്ങണമെന്നാണ് പാര്‍ട്ടി നിര്‍ദേശം. എന്നാല്‍, ഇത് ലംഘിച്ച് ഹാരിസ് ആമിയനെതിരെ ഇവര്‍ ‘കുറ്റപത്രം’ തയാറാക്കുകയായിരുന്നു. ഇതറിഞ്ഞ ഹാരിസ്, നഗരസഭ കക്ഷി നേതാവ് സ്ഥാനത്ത് തുടരാനാവില്ളെന്നുപറഞ്ഞ് രാജി നല്‍കിയിരിക്കുകയാണ്. അതേസമയം, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഹാരിസ് പറയുന്നു. ബാങ്ക് മാനേജരായ തനിക്ക് ലീഗ് മുനിസിപ്പല്‍ ട്രഷററുടെ ജോലികള്‍ കൂടി നിര്‍വഹിക്കേണ്ടതുണ്ട്. കൗണ്‍സിലറെന്ന നിലയില്‍ വാര്‍ഡിന്‍െറ കാര്യങ്ങളും നോക്കണമെന്നും അതിനാലാണ് ഒരുചുമതല വേണ്ടെന്ന് വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.