അക്ഷരമികവില്‍ പുറത്തൂര്‍ ഗവ. യു.പി സ്കൂള്‍; നിറപുഞ്ചിരിയോടെ രമണി ടീച്ചര്‍ പടിയിറങ്ങി

പുറത്തൂര്‍: തീരദേശത്തെ സര്‍ക്കാര്‍ വിദ്യാലയമായ പുറത്തൂര്‍ ഗവ. യു.പി സ്കൂളിനെ ഉന്നതിയിലത്തെിച്ച് പ്രധാനാധ്യാപിക പി. രമണി 36 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. 2004ല്‍ പുറത്തൂര്‍ ഗവ. വെല്‍ഫെയര്‍ സ്കൂളില്‍ പ്രധാനാധ്യാപികയായി ഏഴു വര്‍ഷം ജോലി ചെയ്ത് അവിടെ മാറ്റത്തിന്‍െറ വിത്ത് പാകിയാണ് പുറത്തൂര്‍ ഗവ. യു.പി സ്കൂളിലേക്ക് ടീച്ചര്‍ എത്തുന്നത്. മത്സ്യ-കയര്‍-കര്‍ഷക തൊഴിലാളികളുടെയും മറ്റു നിര്‍ധന കുടുംബങ്ങളിലേയും മക്കള്‍ പഠിക്കുന്ന സ്കൂളിനെ വളര്‍ച്ചയുടെ പടിയില്‍ എത്തിക്കാന്‍ ടീച്ചറുടെ നേതൃത്വത്തില്‍ പദ്ധതികള്‍ തയാറാക്കി. പി.ടി.എയുടെയും സ്കൂള്‍ എസ്.എം.സിയുടെയും സഹകരണത്തോടെ പുറത്തൂര്‍ മോഡല്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. 2014ല്‍ സംസ്ഥാനത്തെ മികച്ച പി.ടി.എക്കുള്ള അവാര്‍ഡ്, 2016ല്‍ മികവുത്സവത്തില്‍ ഒന്നാം സ്ഥാനം തുടങ്ങി നിരവധി അവാര്‍ഡുകള്‍ സ്കൂളിന് ലഭിച്ചു. തിരൂര്‍, എടപ്പാള്‍ ഉപജില്ലകളിലെ വിദ്യാര്‍ഥികളുടെ വിജ്ഞാന മികവ് പരിശോധിക്കാന്‍ എവറസ്റ്റ് സ്കോളര്‍ഷിപ് പദ്ധതിയും നടപ്പാക്കി. കൂടാതെ നിര്‍ധനരായ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ആരംഭിച്ച എച്ച്.എം റിലീഫ് ഫണ്ട് നിരവധി കുട്ടികളുടെ ചികിത്സക്കും പഠനത്തിനും താങ്ങായി. ഇതിന് പുറമേ സ്കൂളിന്‍െറ മികവ് ശക്തമാക്കുന്നതിന്‍െറ ഭാഗമായി സിനിമ നടന്‍ സലീംകുമാറിനെ സ്കൂളിന്‍െറ ബ്രാന്‍ഡ് അംബാസഡറാക്കി. പുറത്തൂര്‍ കാവിലക്കാട് സ്വദേശിയും റിട്ട. അസി. സഹകരണ രജിസ്ട്രാറുമായ ജനാര്‍ദനനാണ് ഭര്‍ത്താവ്. രാഹുല്‍, ജിഷ എന്നിവര്‍ മക്കളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.