പൊന്നാനി എം.ഇ.എസ് കോളജിൽ സംഘർഷം; ഓഫിസ് അടിച്ചുതകർത്തു

പൊന്നാനി: പൊന്നാനി എം.ഇ.എസ് കോളജിൽ സംഘർഷം. എസ്.എഫ്.ഐ പ്രവർത്തകരുടെ നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്ന് പ്രവർത്തകർ ഓഫിസ് അടിച്ച് തകർക്കുകയായിരുന്നു. സംഘർഷത്തിൽ രണ്ട് അധ്യാപകർക്ക് പരിക്കേറ്റു. 10ന് നടക്കുന്ന കോളജ് യൂനിയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബുധനാഴ്ച വൈകീട്ട് മൂന്ന് വരെയായിരുന്നു നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി. പത്രികകൾ സൂക്ഷ്മ പരിശോധന നടത്തുമ്പോൾ എസ്.എഫ്.ഐ സമർപ്പിച്ച വൈസ് ചെയർപേഴ്സ​െൻറയും യു.യു.സിയുടെയും പത്രിക തള്ളി. പേര് തെറ്റി എഴുതിയും മത്സരിക്കേണ്ട സ്ഥാനം തെറ്റിച്ചതുമാണ് പത്രിക തള്ളാൻ കാരണം. വൈസ് ചെയർപേഴ്സൻ സ്ഥാനത്തേക്ക് എസ്.എഫ്.ഐ പത്രിക തള്ളിയതോടെ യു.ഡി.എസ്.എഫിലെ ശ്രുതി വൈസ് ചെയർപേഴ്സനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ 150ഒാളം എസ്.എഫ്.ഐ പ്രവർത്തകർ സംഘടിച്ചെത്തി അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് പ്രിൻസിപ്പൽ പ്രഫ. അബ്ബാസ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിദ്യാർഥികൾ ഓഫിസും പ്രിൻസിപ്പലി​െൻറ മുറിയും അടിച്ചുതകർത്തു. തടയാൻ ചെന്ന രണ്ട് അധ്യാപകർക്കാണ് നിസ്സാര പരിക്കേറ്റത്. കോളജിലെ ജനൽ ചില്ലുകളും കസേരയും അടിച്ചുതകർത്തിട്ടുണ്ട്. ചെറിയ കാരണങ്ങൾ കണ്ടെത്തി നാമനിർദേശ പത്രിക തള്ളിയത് അംഗീകരിക്കാനാവില്ലെന്നാണ് എസ്.എഫ്.ഐ നിലപാട്. സംഘർഷം ശക്തമായതോടെ പ്രിൻസിപ്പൽ പൊലീസി​െൻറ സഹായം തേടി. കനത്ത പൊലീസ് കാവലിലാണ് കോളജിൽനിന്ന് കുട്ടികൾ പുറത്തേക്ക് പോയത്. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ അബ്ബാസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.