ഊ​ർ​ങ്ങാ​ട്ടി​രി​യി​ൽ വീ​ണ്ടും നാ​ശം വി​ത​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ടം

അരീക്കോട്: കുടിയേറ്റ കാർഷിക പഞ്ചായത്തായ ഊർങ്ങാട്ടിരിയുടെ മലയോരമേഖലകളിൽ ഭീതി വിതച്ച് കാട്ടാനകളുടെ താണ്ഡവം. ഓടക്കയം, ചുണ്ടത്ത്്പൊയിൽ വാർഡുകളിലെ കരിമ്പ്, കൂരങ്കല്ല്, കൊടുമ്പുഴ ഭാഗങ്ങളിലാണ് കാട്ടാനകൾ കൂട്ടമായി ഇറങ്ങുന്നത്. കൊടുമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ സ്ഥലങ്ങളാണിവ. ആദിവാസികൾ അടക്കമുള്ള കർഷകർ താമസിക്കുന്ന ഭാഗങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ ജീവന് ഭീഷണിയായതിനാൽ ഭീതിയിലാണിവിടെ ആളുകൾ കഴിയുന്നത്. കൊടുമ്പുഴയിലെ പണിതീരാത്ത അംഗൻവാടിയുടെ സമീപം വരെ കാട്ടാനകൾ എത്തുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഇവ വരുത്തുന്നത്. വാഴ, കവുങ്ങ്, റബർ മരങ്ങൾ വൻതോതിൽ കടപുഴക്കിയാണ് ആനകൾ മണിക്കൂറുകളോളം ഭീതി വിതച്ച് കാട്ടിൽ തിരികെ പോകുന്നത്. പന്തീരായിരം വനത്തിൽ നിന്നാണ് കാട്ടാനക്കൂട്ടം ഇവിടെയെത്തുന്നത്. രണ്ട് മാസം മുമ്പും കാട്ടാനകൾ ഇവിടങ്ങളിൽ വ്യാപക കൃഷിനാശം വരുത്തിയിരുന്നു. ഇതുസംബന്ധിച്ച് കോൺഗ്രസും സി.പി.ഐയും കൊടുമ്പുഴ ഫോറസ്റ്റ് ഓഫിസിലേക്ക് സമരം സംഘടിപ്പിച്ചിരുന്നു. എന്നാൽ, അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.