പ്ര​താ​പം വീ​ണ്ടെ​ടു​ത്ത് ഗോ​ട്ടി​ക​ളി മ​ത്സ​രം

തിരൂരങ്ങാടി: പഴയകാല പ്രതാപം വീണ്ടെടുത്ത് ഗോട്ടിക്കളി മത്സരവുമായി യുവാക്കൾ. ചെറുമുക്ക് പ്രവാസി നഗറിലെ ഒരുകൂട്ടം യുവാക്കളുടെ നേതൃതത്തിലാണ് ഫ്ലഡ്ലിറ്റ് ഗോട്ടികളി മത്സരം സംഘടിപ്പിച്ചത്. പുതുതലമുറക്ക് കേട്ടുകേൾവിയില്ലാത്തതും ഏറെ ശ്രദ്ധേയവുമായ ഗോട്ടിക്കളി മത്സരം കാണാൻ നാട്ടുകാരടക്കം നിരവധി പേർ തടിച്ചുകൂടിയിരുന്നു. ഒരുടീമിൽ മൂന്നുപേർ അടങ്ങുന്ന 60 ടീമുകളാണ് മത്സരത്തിനെത്തിയത്. നാലരമീറ്റർ നീളമുള്ള സ്ഥലത്ത് മൂന്ന് ട്രാക്കുകൾ, ഒരറ്റത്ത് പത്ത് സെൻറീമീറ്റർ വീതം അകലത്തിൽ ത്രികോണാകൃതിയിലുള്ള പത്ത് കുഴികളടങ്ങുന്നതാണ് കളിസ്ഥലം. എറിയുന്ന ഗോട്ടികൾ കുഴിയിൽ വീഴുന്നതിനനുസരിച്ചാണ് പോയൻറ് നൽകുക. രാത്രി എട്ടുമണിയോടെ തുടങ്ങിയ മത്സരം ആവേശമായതോടെ പുലർച്ച മൂന്നിന് മത്സരാവസാനം വരെ കാണികൾ മൈതാനത്ത് നിലയുറപ്പിച്ചിരുന്നു. സപ്പോട്ടമരം വാട്സ്ആപ് ഗ്രൂപ്, ചെറുമുക്ക് പ്രവാസി നഗർ എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി. മത്സരത്തിലെ മികച്ച കളിക്കാരനായി തലാപ്പിൽ യൂനുസിനെ തെരഞ്ഞെടുത്തു. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം ഇ.പി. മുജീബ് മത്സരം ഉദ്ഘാടനം ചെയ്തു. എൻ. ബാപ്പുട്ടി, ഒ. അബ്ദുറഹ്മാൻ, എൻ. അബ്ബാസ്, കെ. ഷാഫി, കുഞ്ഞിമുഹമ്മദ് ബാലിയിൽ, പി.കെ. ഖാലിദ്, കെ. ജംഷീർ, കെ.ടി. ഇല്യാസ്, കെ.കെ. റഹീം എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ടോഫിയും കാഷ് അവാർഡും സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.