‘പ​ച്ച’​യി​ൽ അ​ലി​ഞ്ഞ് ന​ഗ​രം

മലപ്പുറം: പച്ചമുണ്ട്, പച്ചത്തൊപ്പി, പച്ചമുഖമൂടി, പച്ചമുടി, പച്ചപീപ്പി, പച്ചവണ്ടി... തീർന്നില്ല പച്ച ലഡു കൂടിയുണ്ട്...! സ്വന്തം കുഞ്ഞാപ്പയുടെ മിന്നും വിജയം മുസ്ലിം ലീഗ് പ്രവർത്തകർ ആഘോഷിച്ചത് അടിമുടി പച്ചയിൽ മുങ്ങി. തലേരാത്രി ഉറങ്ങാൻ മടിച്ച പ്രവർത്തകർ തിങ്കളാഴ്ച അതിരാവിലെതന്നെ വോട്ടെണ്ണൽ കേന്ദ്രമായ മലപ്പുറം മുണ്ടുപറമ്പ് ഗവൺമെൻറ് കോളജിന് മുന്നിലേക്ക് വാഹനങ്ങളിലെത്തി തുടങ്ങി. എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങിയതും പുറത്ത് പ്രവർത്തകരുടെ ആഹ്ലാദപ്രകടനവും തുടങ്ങിയിരുന്നു. ലീഡ് വർധിക്കുമ്പോഴൊക്കെ അത് ഉച്ചസ്ഥായിയിലായി. ഒമ്പതോടെ ശബ് ദ സംവിധാനങ്ങൾ ഘടിപ്പിച്ച വാഹനങ്ങളിൽ യുവാക്കളെത്തിയതോടെ കോളജിന് മുന്നിൽ ആഘോഷത്തിെൻറ പൊടിപൂരമായി. തിരക്ക് വർധിച്ചതോടെ ഗതാഗതം നിയന്ത്രിക്കാൻ പൊലീസും പണിപ്പെട്ടു. ഏഴുമണ്ഡലങ്ങളിൽ നിന്നുമുള്ള വാഹനങ്ങളെയും പ്രവർത്തകരെയും കൊണ്ട് നഗരമാകെ നിറഞ്ഞു. പച്ചപതാക പാറിച്ച് അവർ കുഞ്ഞാപ്പക്ക് ജയ്് വിളിച്ചു. മണിക്കൂറുകളോളം വാദ്യമേളങ്ങളുടെ മുഴക്കത്തിൽ നഗരവുമലിഞ്ഞു. വോട്ടെണ്ണൽ അവസാനിച്ചതോടെ കുന്നുമ്മൽ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. പാട്ടും, മേളങ്ങളും ജയ്് വിളികളും ഈ നാൽക്കവലയിൽ തീർത്തത് മുമ്പെങ്ങും കാണാത്ത ആവേശപ്പൂരമായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞും പ്രവർത്തകർ പിരിഞ്ഞുപോകാൻ മടിച്ചപ്പോൾ പൊലീസിന് ഇടപെടേണ്ടി വന്നു. ആവേശത്തിമിർപ്പിൽ നിന്ന പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശിയത് ആഹ്ലാദ പ്രകടനത്തിനിടയിലെ കല്ലുകടിയായി. മണിക്കൂറികളോളം ഗതാഗതം താറുമാറായതോടെയാണ് പൊലീസ് കടുത്ത നടപടിയിലേക്ക് തിരിഞ്ഞത്. അതേസമയം, രാവിലെ ജില്ല ആസ്ഥാനത്തെത്തിയ മറ്റുമണ്ഡലങ്ങളിലുള്ള പ്രവർത്തകർ ഉച്ചക്ക് ശേഷം സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങിയത് പൊലീസിന് ആശ്വാസമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.