തിരൂർ എം.​ഇ.​എ​സ് വ​നി​ത കോ​ള​ജ്​ : ന​ട​ത്തി​പ്പ് സം​ര​ക്ഷ​ണ സ​മി​തി​ക്ക് ഏ​റ്റെ​ടു​ക്കാ​മെ​ന്ന് എം.​ഇ.​എ​സ്

തിരൂര്‍: മാനേജ്‌മെൻറ് അടച്ചുപൂട്ടാന്‍ തീരുമാനിച്ച തിരൂര്‍ എം.ഇ.എസ് വനിത കോളജ് സംരക്ഷണ സമിതിക്ക് ഏറ്റെടുത്ത് നടത്താമെന്ന് എം.ഇ.എസ് സംസ്ഥാന നേതൃത്വത്തിെൻറ വാഗ്ദാനം. സംസ്ഥാന പ്രസിഡൻറ് ഡോ. ഫസല്‍ ഗഫൂർ, സംരക്ഷണ സമിതി നേതൃത്വത്തെയും വിദ്യാര്‍ഥി പ്രതിനിധികളെയുമാണ് ഇക്കാര്യം അറിയിച്ചത്. കോളജ് അടച്ചുപൂട്ടുന്നതിനെതിരെ സംരക്ഷണ സമിതി അദ്ദേഹവുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. രണ്ടുവര്‍ഷം കൂടി എം.ഇ.എസ് നേരിട്ട് കോളജ് നടത്തുമെന്ന് ഫസല്‍ ഗഫൂര്‍ ഉറപ്പ് നല്‍കി. അതിനുശേഷം സംരക്ഷണ സമിതിയും കോളജ് ജീവനക്കാരും ഏറ്റെടുക്കണം. അതിനായി ഈ വര്‍ഷവും പുതിയ കുട്ടികളെ പ്രവേശിപ്പിക്കും. രണ്ട് വര്‍ഷത്തിനുശേഷം നടത്തിപ്പ്, സാമ്പത്തിക ബാധ്യത തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ എം.ഇ.എസ് ഏല്‍ക്കില്ല. കോളജിെൻറ പേര് അതേ പോലെ തുടരാം. കെട്ടിടമുൾപ്പെടെയുള്ള സൗകര്യങ്ങള്‍ പുതിയ മാനേജ്‌മെൻറ് കണ്ടെത്തണം. രണ്ടുവര്‍ഷം ഇപ്പോഴുള്ള കെട്ടിടത്തില്‍ തുടരും. സമര സമിതി അധ്യക്ഷ നാജിറ അശ്റഫ്, രക്ഷിതാക്കളുടെ പ്രതിനിധി മുഹമ്മദ് കുട്ടി ചേലാട്ട്, വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍പേഴ്‌സൻ റമീഷ, ഷഫ്‌ന, അധ്യാപക പ്രതിനിധി ഷാജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. തിരൂര്‍ താലൂക്ക് കമ്മിറ്റി സെക്രട്ടറി കൈനിക്കര മുഹമ്മദ് ഷാഫിയുടെ സാന്നിധ്യത്തിലാണ് ഡോ. ഫസല്‍ ഗഫൂര്‍ നിലപാടുകള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ മാസമായിരുന്നു കോളജ് പൂട്ടാന്‍ മാനേജ്‌മെൻറ് കമ്മിറ്റി തീരുമാനിച്ചത്. അതിെൻറ ഭാഗമായി അടുത്ത വര്‍ഷത്തേക്ക് പ്രവേശനം നല്‍കില്ലെന്ന് പ്രഖ്യാപിക്കുകയും അധ്യാപകരെ പിരിച്ച് വിട്ട് തുടങ്ങുകയും ചെയ്തിരുന്നു. നഗരത്തോട് ചേര്‍ന്ന് സ്വന്തം സ്ഥലവും നേരത്തേയുണ്ടായിരുന്ന കെട്ടിടം ഒഴിയുമ്പോള്‍ ലഭിച്ച ലക്ഷങ്ങളും കൈയിലുണ്ടായിരിക്കെയാണ് പൂട്ടല്‍ നടപടികളുമായി എം.ഇ.എസ് മുന്നോട്ടുപോയത്. ഇതിനെതിരെ വിദ്യാര്‍ഥിനികളും രക്ഷിതാക്കളും പൊതുപ്രവര്‍ത്തകരുടെ പിന്തുണയോടെ സംരക്ഷണ സമിതി രൂപവത്കരിച്ച് രംഗത്തിറങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.