യൂത്ത് ലീഗ് തെരഞ്ഞെടുപ്പ്: നേതാക്കള്‍ പലരും പടിക്കുപുറത്ത്

മലപ്പുറം: യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ മണ്ഡലം കമ്മിറ്റികളുടെ കവാടം കടക്കാനാകാത്ത നേതാക്കള്‍ പടിക്ക് പുറത്തായി. ഇതിനകം തെരഞ്ഞെടുപ്പ് നടന്ന, യൂത്ത് ലീഗ് ശക്തമല്ലാത്ത ജില്ലകളില്‍ പോലും 15 അംഗങ്ങളുള്ള ജംബോ കമ്മിറ്റികള്‍ നിലവില്‍ വന്നപ്പോഴാണ് സംഘടന ഏറ്റവും ശക്തമായ മലപ്പുറത്ത് 11 അംഗ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. സഹഭാരവാഹികളുടെ എണ്ണം പരിമിതപ്പെടുത്തിയപ്പോള്‍ കമ്മിറ്റിയില്‍ ഇടം കിട്ടുമെന്ന് പ്രതീക്ഷിച്ച പലരും പുറത്തായി. കൗണ്‍സിലില്‍ ചര്‍ച്ചക്ക് ഇടം നല്‍കാതെ പട്ടിക പ്രഖ്യാപിച്ചതില്‍ അതൃപ്തി പുകയുന്നുണ്ട്. ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച 16 നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളുമായി മുസ്ലിം ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ് എന്നിവരും തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസര്‍ കൂടിയായ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസും ചര്‍ച്ച നടത്തിയിരുന്നു. ഓരോ മണ്ഡലത്തില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് വരേണ്ടവരെക്കുറിച്ചുള്ള ചിത്രം ലഭിക്കാനായിരുന്നു ഇത്. ഇതിലൂടെ ഉരുത്തിരിഞ്ഞ പട്ടിക ജില്ലാ കൗണ്‍സിലില്‍ ചര്‍ച്ചക്ക് അവസരം നല്‍കാതെ പ്രഖ്യാപിക്കുകയായിരുന്നു. ജനാധിപത്യ സ്വഭാവത്തിലല്ലാതെ പ്രഖ്യാപനമുണ്ടായതാണ് അര്‍ഹതയുള്ള പലരും തഴയപ്പെടാന്‍ ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. എം.എസ്.എഫ് മുന്‍ ജില്ലാ ഭാരവാഹികളായ പി. ളംറത്ത്, എന്‍.എ. കരീം, ഇസ്മയില്‍ പുതിയറ, ജാഫര്‍ വെള്ളേകാട്ടില്‍, കെ.എം. ഷാഫി, നിലവില്‍ എം.എസ്.എഫ് ഭാരവാഹികളായ യൂസുഫ് വല്ലാഞ്ചിറ, ഹാരിസ്, കെ.പി. മുഹമ്മദ് ഇഖ്ബാല്‍, പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍ എം.എസ്.എഫ് ഭാരവാഹികളായ നഹാസ് പാറക്കല്‍, പി.വി. അബ്ദുറഹ്മാന്‍ എന്നിവര്‍ തഴയപ്പെട്ടവരില്‍പെടും. വള്ളിക്കുന്നിലെ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍െറ ഭാഗമായി ഗുലാം ഹസ്സന്‍ ആലംഗീര്‍ ഭാരവാഹിത്വത്തില്‍ ഇടം നേടിയപ്പോള്‍ എടരിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായ സുബൈര്‍ തങ്ങള്‍ കമ്മിറ്റിയില്‍ വീണ്ടും കയറി. മുന്‍ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്‍റായിരുന്നു സുബൈര്‍ തങ്ങള്‍. എം.എസ്.എഫിലൂടെ വളര്‍ന്ന പല നേതാക്കളും ഭാരവാഹിത്വം ലഭിക്കാതെ പുറത്തിരിക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തന രംഗത്ത് അത്രയൊന്നും സജീവമല്ലാതെ കടന്നുവന്നവര്‍ മണ്ഡലം കമ്മിറ്റികളിലൂടെ ഭാരവാഹിത്വം നേടിയെടുത്തത് അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. 400 അംഗങ്ങള്‍ക്ക് ഒരു കൗണ്‍സിലര്‍ എന്ന നിലയിലാണ് ജില്ലാ കൗണ്‍സില്‍ ചേര്‍ന്നത്. എന്നാല്‍, ചര്‍ച്ചക്ക് അവസരം നല്‍കാതിരുന്നതിലൂടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടതായും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.