കൂലി ഇവിടെ, ജോലി അവിടെ

മലപ്പുറം: ജീവനക്കാരുടെ അഭാവം ജില്ലയിലെ വാണിജ്യ നികുതി വകുപ്പിന്‍െറ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. മറ്റു ജില്ലക്കാരായ ജീവനക്കാര്‍ കൂട്ടത്തോടെ ഡെപ്യൂട്ടേഷനിലും വര്‍ക്കിങ് അറേഞ്ച്മെന്‍റിലുമായി സ്വന്തം ജില്ലകളിലേക്ക് ചേക്കേറുന്നതാണ് വകുപ്പിന്‍െറ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നത്. ഇന്‍സ്പെക്ടര്‍, ക്ളര്‍ക്ക്, ടൈപ്പിസ്റ്റ് തസ്തികകളിലായി ജില്ലയിലുള്ള 138 ജീവനക്കാരില്‍ 20 പേരും ഡെപ്യൂട്ടേഷനില്‍ മറ്റു ജില്ലകളില്‍ ജോലി ചെയ്യുകയാണ്. ഡെപ്യൂട്ടേഷനായി അപേക്ഷിച്ച് കാത്തിരിക്കുന്ന ഇതര ജില്ലക്കാര്‍ ഇതിന് പുറമെയാണ്. ജീവനക്കാരുടെ എണ്ണത്തിലെ കുറവ് വകുപ്പ് ഇന്‍റലിജന്‍സ് വിഭാഗം നടത്തേണ്ട വിവിധ പരിശോധനകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്‍റലിജന്‍സ് വിഭാഗത്തില്‍ ജില്ലയിലെ 23 ഇന്‍സ്പെക്ടര്‍മാരില്‍ അഞ്ചുപേര്‍ ഡെപ്യൂട്ടേഷനിലുണ്ട്. വാഹന പരിശോധനയും നടപടി സ്വീകരിക്കലും പേരിന് മാത്രമാണ് നടക്കുന്നത്. അതിര്‍ത്തി ജില്ലയായതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ധാരാളം ജില്ലയില്‍ വന്നുപോകുന്നുണ്ട്. വാഹന പരിശോധനയും വാണിജ്യ സ്ഥാപനങ്ങളിലെ പരിശോധനയും കുറഞ്ഞതിനാല്‍ വകുപ്പിന്‍െറ വാര്‍ഷിക വരുമാനത്തില്‍ ഈ വര്‍ഷം കാര്യമായ കുറവുവന്നിട്ടുണ്ട്. അസെസ്മെന്‍റ് വിഭാഗത്തിലെ 19 ഇന്‍സ്പെക്ടര്‍മാരില്‍ നാലുപേരും 48 ക്ളര്‍ക്കുമാരില്‍ അഞ്ചുപേരും 20 ടൈപ്പിസ്റ്റുമാരില്‍ രണ്ടുപേരും ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്നു. ഓഫിസ് അസിസ്റ്റന്‍റുമാരില്‍ 27ല്‍ നാലുപേരും 27 പ്യൂണ്‍ തസ്തികകളില്‍ നാലുപേരും ഡെപ്യൂട്ടേഷനിലാണ്. ഓഫിസ് ജീവനക്കാരുടെ കുറവ് മൂലം നൂറുകണക്കിന് ഫയലുകള്‍ തീരുമാനമാകാതെ കെട്ടിക്കിടക്കുകയാണ്. അക്കൗണ്ട് ജനറലിന്‍െറ ഓഡിറ്റ് ഒബ്ജക്ഷന്‍ റിപ്പോര്‍ട്ടുകളും നിയമസഭാ സമിതികളുടെ അവലോകന റിപ്പോര്‍ട്ടുകളും തുടര്‍ നടപടികളില്ലാതെ കെട്ടിക്കിടക്കുന്നവയില്‍ പെടും. വിവരാവകാശ അപേക്ഷകളും ധാരാളം തീര്‍പ്പാകാതെ കിടക്കുന്നുണ്ട്. മലപ്പുറം അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ പി.എസ്.സി പരീക്ഷയില്‍ താരതമ്യേന മത്സരം കുറവാണ് എന്ന ധാരണയില്‍ പരീക്ഷ എഴുതി സര്‍വിസില്‍ പ്രവേശിച്ചിവരാണ് കുറുക്കുവഴികളിലൂടെ സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം തരപ്പെടുത്തുന്നത്. ജോലിയില്‍ പ്രവേശിച്ച ഉടന്‍ രാഷ്ട്രീയ, ഭരണ സ്വാധീനം ഉപയോഗിച്ച് നാട്ടിലേക്ക് പോകാന്‍ ശ്രമം നടത്തുന്നവരുണ്ട്. വടക്കന്‍ ജില്ലകളിലെല്ലാം സമാന സ്ഥിതിയുണ്ട്. വകുപ്പിന്‍െറ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ചുള്ള ഇത്തരം നടപടികള്‍ സര്‍ക്കാറിന്‍െറ പ്രധാന വരുമാന സ്രോതസ്സിനെ കൂടിയാണ് പ്രതികൂലമായി ബാധിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.