ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി; അടങ്കല്‍ 114 കോടി രൂപ, 966 പദ്ധതികള്‍

മലപ്പുറം: ജില്ലാ പഞ്ചായത്തിന്‍െറ 2016-17 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. 114 കോടി രൂപയാണ് പദ്ധതി അടങ്കല്‍. സ്പില്‍ ഓവര്‍, ബഹുവര്‍ഷം അടക്കം 965 പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊതു വികസന ഫണ്ട് 38.31 കോടി രൂപയും പട്ടികജാതി വികസന ഫണ്ട് 17.52 കോടി രൂപയും പട്ടികവര്‍ഗ വികസന ഫണ്ട് ഒരു കോടി രൂപയും ആസ്തി പരിപാലന -പുനരുദ്ധാരണത്തിനായി 30.11 കോടി രൂപയും സംസ്ഥാനാവിഷ്കൃത പദ്ധതികള്‍ക്കായി പ്രതീക്ഷിക്കുന്ന രണ്ട് കോടിയും ഗുണഭോക്താക്കളുടെ വിഹിതമായി 61 ലക്ഷവും സ്വയാര്‍ജിത വരുമാനമായി 3.30 കോടിയും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് ഒരുകോടി രൂപയുമാണ് വരവായി കണക്കാക്കിയിട്ടുള്ളത്. മുന്‍ വര്‍ഷത്തെ പദ്ധതിയില്‍ ചെലവഴിച്ചത് കഴിച്ച് ബാക്കി ക്യാരി ഓവറായി 21 കോടി രൂപയും പ്രതീക്ഷിക്കുന്നു. ഉല്‍പാദന മേഖലക്ക് 7.87 കോടിയും മാലിന്യ നിര്‍മാര്‍ജനത്തിന് 3.92 കോടിയും വനിതകള്‍ക്ക് 5.68 കോടിയും കുട്ടികള്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 2.84 കോടിയും വയോജനക്ഷേമത്തിന് 1.96 കോടി രൂപയും വകയിരുത്തി. സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് 3.69 കോടി രൂപയുടെ പദ്ധതികളുണ്ട്. 32 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഓരോ മാതൃകാ അങ്കണവാടികള്‍, 50 പട്ടികജാതി സങ്കേതങ്ങളില്‍ സൗരോര്‍ജ വിളക്കുമാടങ്ങള്‍, 120 പട്ടികജാതി സങ്കേതങ്ങളില്‍ മാലിന്യ സംസ്കരണ യൂനിറ്റുകള്‍, 50 സ്കൂളുകളില്‍ കുട്ടികള്‍ക്ക് ശുചിത്വ മുറികള്‍, കാര്‍ഷിക മേഖലയില്‍ നെല്‍കൃഷി, പച്ചക്കറി കൃഷി പ്രോത്സാഹനം, വിത്തുല്‍പാദന കേന്ദ്രങ്ങളുടെ ആധുനികവത്കരണം, പ്ളാസ്റ്റിക് വിമുക്ത ജില്ലയാക്കാന്‍ മാതൃകാ യൂനിറ്റ്, മരവ്യവസായികള്‍ക്കുള്ള പൊതു സേവന കേന്ദ്രത്തിന്‍െറ പൂര്‍ത്തീകരണം, ആതവനാട് ജില്ലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തിന്‍െറ ശേഷി വര്‍ധിപ്പിക്കല്‍ എന്നിവ ശ്രദ്ധേയ പദ്ധതികളാണ്. സ്കൂള്‍ ലാബുകളിലേക്ക് കമ്പ്യൂട്ടര്‍, പട്ടികജാതി സങ്കേതങ്ങളിലെ മണ്ണൊലിപ്പ് തടഞ്ഞ് ഭൂമിയും പുരയിടവും സംരക്ഷിക്കല്‍, കുടുംബശ്രീ സംവിധാനം ശക്തിപ്പെടുത്തല്‍ എന്നിങ്ങനെ നിരവധി പ്രോജക്റ്റുകള്‍ വാര്‍ഷിക പദ്ധതിയിലുണ്ട്. ഭവന നിര്‍മാണ പദ്ധതിക്ക് സഹായം നല്‍കാന്‍ മാത്രം 14 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പദ്ധതി നിര്‍വഹണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിക്കും. തുടര്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ പ്രവൃത്തി ഏറ്റെടുത്തവരുടെ യോഗവും വിളിക്കും. കോണ്‍ട്രാക്ടര്‍മാര്‍ക്ക് സമയ പരിധി നീട്ടി നല്‍കില്ല. സമയബന്ധിതമായ പ്രവര്‍ത്തനത്തിലൂടെ സര്‍ക്കാറില്‍നിന്ന് കൂടുതല്‍ തുക ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.