തൈക്വാന്‍ഡോ താരങ്ങള്‍ക്ക് അധികൃതരുടെ ‘ഇടി’

മലപ്പുറം: കോട്ടയത്ത് ചൊവ്വാഴ്ച തുടങ്ങുന്ന സംസ്ഥാന സ്കൂള്‍ തൈക്വാന്‍ഡോ മത്സരത്തില്‍ പങ്കെടുക്കാന്‍ പോവുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാ ആനുകൂല്യമില്ല. കഴിഞ്ഞ വര്‍ഷംവരെ ഇവര്‍ക്ക് റെയില്‍വേ കണ്‍സഷന്‍ അനുവദിച്ചിരുന്നു. എന്നാല്‍, ഇത്തവണ ആനുകൂല്യം നല്‍കേണ്ടെന്ന് നിര്‍ദേശം ലഭിച്ചതായി റെയില്‍വേ റവന്യൂ ജില്ലാ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് അസോസിയേഷനെ അറിയിച്ചിരിക്കുകയാണ്. ഫുള്‍ ടിക്കറ്റ് എടുത്തുകൊടുക്കാന്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പും തയാറാവാതെ വന്നതോടെ സ്വന്തം പണം മുടക്കിയോ സ്കൂളിന്‍െറ ചെലവിലോ പോവേണ്ട അവസ്ഥയായി താരങ്ങള്‍ക്ക്. കണ്‍സഷന് വേണ്ടി രണ്ടുതവണ റെയില്‍വേയെ സമീപിച്ചതായി ആര്‍.ഡി.എസ്.ജി.എ സെക്രട്ടറി പി.ടി. മത്തായി പറയുന്നു. ഇത്തവണ മുതല്‍ തൈയ്ക്വാന്‍ഡോക്ക് കണ്‍സഷനില്ളെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍, അടുത്ത ദിവസം ആരംഭിക്കുന്ന ചെസ്, ബാള്‍ ബാഡ്മിന്‍റണ്‍ തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാ ആനുകൂല്യം നല്‍കുന്നുണ്ട്. കണ്‍സഷന്‍ ടിക്കറ്റാണെങ്കിലും ചെലവ് വഹിക്കേണ്ടത് ജില്ലാ വിദ്യാഭ്യാസ വകുപ്പാണ്. കലാ, കായിക, ശാസ്ത്ര മേളകളുടെ പേരില്‍ കുട്ടികളില്‍നിന്ന് ഭീമമായ തുക എല്ലാ വര്‍ഷവും പിരിക്കാറുണ്ട്. ഇതില്‍നിന്ന് ടിക്കറ്റ് തുക നല്‍കിക്കൂടേയെന്നാണ് കായികാധ്യാപകര്‍ ചോദിക്കുന്നത്. സംസ്ഥാന സ്കൂള്‍ തൈയ്ക്വാന്‍ഡോയില്‍ ജില്ലയെ പ്രതിനിധീകരിക്കുന്ന 54 വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പ്പെടെ 60ലധികം പേര്‍ തിങ്കളാഴ്ച തിരൂരില്‍നിന്ന് യാത്രതിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.