പുതിയ സബ്സ്റ്റേഷന്‍ സ്ഥലപരിശോധനയില്‍ ഒതുങ്ങി

മഞ്ചേരി: വൈദ്യുതി ബോര്‍ഡ് മെഡിക്കല്‍ കോളജ് ആവശ്യത്തിന് പുതിയ സബ്സ്റ്റേഷന്‍ നിര്‍മിക്കാന്‍ പദ്ധതി ആവിഷ്കരിച്ചത് സ്ഥലപരിശോധനയില്‍ ഒതുങ്ങി. നിലവില്‍ മെഡിക്കല്‍ കോളജ് വളപ്പ് ഉള്‍ക്കൊള്ളുന്ന 23 ഏക്കര്‍ ഭൂമിയില്‍ സബ്സ്റ്റേഷന്‍ സ്ഥാപിക്കാനായിരുന്നു ആലോചന. മെഡിക്കല്‍ കോളജ് ആവശ്യത്തിന് വൈദ്യുതി നല്‍കിയാല്‍ ബാക്കിയുള്ളത് മറ്റു പ്രദേശങ്ങള്‍ക്ക് കൂടി നല്‍കാമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇതിനായി മഞ്ചേരി വേട്ടേക്കോട് ട്രഞ്ചിങ് മൈതാനത്തിനു സമീപം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയും ഇതിനായി പരിഗണിച്ചിരുന്നു. കെ.എസ്.ഇ.ബി ട്രാന്‍സ്മിഷന്‍ വിഭാഗവുമായി ഇക്കാര്യം ചര്‍ച്ച നടത്തി. വൈദ്യുതി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ സ്ഥല പരിശോധന നടത്താനായിരുന്നു കലക്ടറുടെ അധ്യക്ഷതയില്‍ രണ്ടു വര്‍ഷം മുമ്പ് ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പിന്നീട് ചലനമൊന്നുമുണ്ടായില്ല. അതേസമയം മെഡിക്കല്‍ കോളജിന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി പരിമിതമാണെന്നും ഭൗതിക സൗകര്യങ്ങള്‍ക്ക് മാത്രം ഈ വളപ്പില്‍ സ്ഥലം കണ്ടത്തെിയാല്‍ മതിയെന്നും അഭിപ്രായമുയര്‍ന്നിരുന്നു. ഒമ്പത് ഏക്കര്‍ ഭൂമിയിലായിരുന്നു ജനറല്‍ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. വില നല്‍കി വാങ്ങിയത് 7.52 ഏക്കറാണ്. ഇതിന് പുറമെ ആറര ഏക്കര്‍ ഭൂമി മറ്റു സര്‍ക്കാര്‍ വകുപ്പുകളുടേതും മെഡിക്കല്‍ കോളജിനായി ഉപയോഗപ്പെടുത്തി. മെഡിക്കല്‍ കോളജ് വികസനത്തിന് ഇനി ഭൂമി ഏറ്റെടുക്കല്‍ പ്രായോഗികമല്ലാത്തതിനാല്‍ വൈദ്യുതി സബ്സ്റ്റേഷനടക്കമുള്ളവ പുറത്ത് സ്ഥാപിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തെങ്കിലും പദ്ധതി ഇപ്പോഴും കടലാസിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.