ലോകത്തിന്‍െറ നെറുകയില്‍ മലപ്പുറം

മലപ്പുറം: സാക്ഷരത പ്രവര്‍ത്തനത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരമായ യുനസ്കോ കണ്‍ഫ്യൂഷ്യസ് അവാര്‍ഡ് മലപ്പുറം ജില്ലക്ക്. തുടര്‍വിദ്യാഭ്യാസ രംഗത്തും തൊഴില്‍ നൈപുണ്യരംഗത്തും നടത്തിയ ഇടപെടലുകള്‍ക്കാണ് ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ (ജെ.എസ്.എസ്) മലപ്പുറം യൂനിറ്റിനെ പുരസ്കാരം തേടിയത്തെിയത്. ചൈനീസ് പണ്ഡിതന്‍ കണ്‍ഫ്യൂഷ്യസിന്‍െറ പേരില്‍ 2005ല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഒരുതവണ ഇന്ത്യയിലേക്കത്തെിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു എന്‍.ജി.ഒക്ക് ലഭിക്കുന്നതെന്ന് ജെ.എസ്.എസ് ചെയര്‍മാന്‍ കൂടിയായ പി.വി. അബ്ദുല്‍ വഹാബ് എം.പി, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍കോയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 411 അപേക്ഷകളില്‍നിന്നാണ് മലപ്പുറം തെരഞ്ഞെടുക്കപ്പെട്ടത്. ലോക സാക്ഷരത ദിനാ ഘോഷത്തിന്‍െറ 50ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ എട്ടിന് പാരീസില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങും. 20,000 ഡോളറും (12 ലക്ഷം രൂപ) സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്. ഇതിന് പുറമെ അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്യുന്ന ചൈനയിലേക്ക് സെപ്റ്റംബര്‍ അവസാനം വിദ്യാഭ്യാസ യാത്രയുമൊരുക്കിയിട്ടുണ്ട്. ‘സാക്ഷരതാ രംഗത്തെ നവീന പ്രവര്‍ത്തനങ്ങള്‍’ എന്നതായിരുന്നു ഇത്തവണ അവാര്‍ഡിനായി തെരഞ്ഞെടുത്ത വിഷയം. സൗത് ആഫ്രിക്ക, സെനഗല്‍ സര്‍ക്കാറുകള്‍ക്കും ഇന്ത്യക്കൊപ്പം പുരസ്കാരം ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.