അഭിജിത്തും അഞ്ജിതയും ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങും

വളാഞ്ചേരി: അഭിജിത്തിനും അഞ്ജിതക്കും അന്തിയുറങ്ങാന്‍ സ്വന്തം വീടെന്ന സ്വപ്നം പൂവണിഞ്ഞു. രോഗം ബാധിച്ച് മരിച്ച മഠത്തില്‍പറമ്പില്‍ ബാലന്‍-ശ്രീകുമാരി ദമ്പതികളുടെ മക്കളായ അഭിജിത് (11), അഞ്ജിത (ഏഴ്) എന്നിവര്‍ക്കായി വളാഞ്ചേരി കാരുണ്യ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വീട് നിര്‍മിച്ചുനല്‍കിയത്. ആറുവര്‍ഷം മുമ്പ് അമ്മ ശ്രീകുമാരി തളര്‍ന്ന് കിടപ്പിലായതിനെ തുടര്‍ന്ന് ഇവര്‍ക്ക് പരിചരണം നല്‍കിയിരുന്നത് കാരുണ്യ ചാരിറ്റബ്ള്‍ സൊസൈറ്റിയായിരുന്നു. ശ്രീകുമാരി മരിച്ചതോടെ കുട്ടികളെ നോക്കേണ്ടിവന്നതിനാല്‍ പിതാവ് ബാലന് പലപ്പോഴും ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ഇവര്‍ക്ക് കാരുണ്യ പ്രവത്തകരുടെ ശ്രമഫലമായി അഞ്ച് സെന്‍റ് സ്ഥലം സ്വന്തമായി ലഭ്യമാക്കി. വീടിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനിടെ ബാലനെയും വിധി തട്ടിയെടുത്തു. മാതാപിതാക്കള്‍ മരിച്ചതോടെ കുട്ടികള്‍ അച്ഛന്‍െറ അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. മര്‍ക്കസ് മൂടാലില്‍ മുത്താഴത്ത് കാവ് ക്ഷേത്രത്തിനടുത്ത് എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വളാഞ്ചേരി കാരുണ്യ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് വീടിന്‍െറ താക്കോല്‍ ദാനം മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിച്ചു. ഡോ. എന്‍.എം. മുജീബ്റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങല്‍ എം.എല്‍.എ സ്ഥലത്തിന്‍െറ ആധാരം കൈമാറി. കുറ്റിപ്പുറം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ആതവനാട് മുഹമ്മദ് കുട്ടി, വളാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.പി. അബ്ദുല്‍ ഹമീദ്, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് അംഗം അബൂബക്കര്‍ കീഴ്വീട്ടില്‍, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് അംഗം സൗദ ചോലക്കല്‍, കെ.വി. ഉണ്ണികൃഷ്ണന്‍, അഷ്റഫലി കാളിയത്ത്, സുരേഷ് പാറത്തൊടി, വി.പി.എം. സാലിഹ്, കാരുണ്യ ചാരിറ്റബ്ള്‍ സൊസൈറ്റി പ്രസിഡന്‍റ് സി. മൂസ എന്നിവര്‍ സംസാരിച്ചു. കാരുണ്യ ചാരിറ്റബ്ള്‍ സൊസൈറ്റി സെക്രട്ടറി കെ. സുധാകരന്‍ സ്വാഗതവും പി.പി. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ബ്ളെഡ് ഡോണേഴ്സ് ഫോറം കേരളയുടെ നേതൃത്വത്തില്‍ കാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന കെ. സുധാകരനെ ഉപഹാരം നല്‍കി ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.