മികവിന്‍െറ കേന്ദ്രമായി പാണ്ടിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം

പാണ്ടിക്കാട്: ആരോഗ്യരംഗത്തെ സമഗ്ര മികവ് മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കാഷ് (കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്) അക്രഡിറ്റേഷന്‍ പാണ്ടിക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് ലഭിച്ചു. സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണമേന്മയും സാധാരണക്കാരായ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതും പരിഗണിച്ചാണ് അവാര്‍ഡ്. ജില്ലയില്‍നിന്ന് ആദ്യമായാണ് സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രം ഈ നേട്ടത്തിന് അര്‍ഹത നേടുന്നത്. 1986ല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച് 1998ല്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറിയ ആരോഗ്യകേന്ദ്രം 2008ല്‍ 24 മണിക്കൂര്‍ ചികിത്സയുള്ള പ്രാഥമിക ആരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തി. 2012 മുതല്‍ ആശുപത്രിയില്‍ ഘട്ടംഘട്ടമായി നടപ്പാക്കിയ പരിഷ്കാരങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് കാഷ് അക്രഡിറ്റേഷന്‍. ആധുനിക രീതിയിലുള്ള കമ്പ്യൂട്ടര്‍വത്കൃത ടോക്കണ്‍ സംവിധാനം, അണുബാധ നിയന്ത്രണ സംവിധാനങ്ങള്‍, മാലിന്യ നിര്‍മാര്‍ജനം, പ്രഥമ ശുശ്രൂഷ, ശുചിത്വ പരിപാലനം, ഫയര്‍ ആന്‍ഡ് സേഫ്റ്റി തുടങ്ങിയ മേഖലകളില്‍ മികച്ച പരിശീലനം ജീവനക്കാര്‍ക്കായി നടപ്പാക്കി. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം പദ്ധതിയുടെ ക്വാളിറ്റി അഷ്വറന്‍സ് ടീമിന്‍െറ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു പരിശീലനങ്ങളും നിരന്തര വിലയിരുത്തലും. ആശുപത്രിയുടെ പൂര്‍ണവിവരമടങ്ങുന്ന മാര്‍ഗദര്‍ശികള്‍, രോഗികളുടെ അവകാശങ്ങളും കടമകളും വിശദമാക്കുന്ന സൈനേജ് ബോര്‍ഡുകള്‍, വിശ്രമസ്ഥലം, ശുദ്ധമായ കുടിവെള്ള സംവിധാനം, സേഫ്റ്റ്ബെല്‍റ്റോട് കൂടിയ വീല്‍ചെയര്‍, അമ്മമാര്‍ക്ക് മുലയൂട്ടാന്‍ പ്രത്യേക മുറികള്‍, രോഗികള്‍ക്ക് ശരിയായ പരിചരണം, ചികിത്സാ സൗകര്യങ്ങളുടെ സമയബന്ധിത ആവിഷ്കാരം, ആധുനിക രീതിയിലുള്ള എല്‍ബോ ടാപ്പുകള്‍, കൃത്യതയും സമയനിഷഷ്ഠയും ഉറപ്പുവരുത്തുന്ന ആധുനിക ലാബ് സംവിധാനം, എല്ലാ രോഗനിര്‍ണയ ഉപകരണങ്ങളുടെയും സമയബന്ധിത കാലിബെറേഷന്‍ എന്നിവ പൂര്‍ത്തിയാക്കി. ഓരോ രോഗിക്കും കൃത്യമായ ചികിത്സാനിര്‍ണയ സംവിധാനം, മരുന്നുകളുടെ കൃത്യമായ ഉപയോഗം ഉറപ്പാക്കാന്‍ ഡ്രഗ്ഫോര്‍മുലറി, പേരിലും രൂപത്തിലും സാദൃശ്യമുള്ള മരുന്നുകളുടെ തരംതിരിച്ച ക്രമീകരണം, അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേകം തയാറാക്കിയ കണ്ടെയ്നറുകളിലെ മരുന്ന് ശേഖരണ സംവിധാനം, കേന്ദ്രസര്‍ക്കാറിന്‍െറ മാനദണ്ഡങ്ങള്‍ ഉറപ്പുനല്‍കുന്ന ബയോ-മെഡിക്കല്‍ മാലിന്യനിര്‍മാര്‍ജന സംവിധാനം തുടങ്ങിയ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.