ഡീസല്‍ ക്ഷാമം: മലപ്പുറത്ത് വീണ്ടും കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ മുടങ്ങി

മലപ്പുറം: ഡീസല്‍ ക്ഷാമം മൂലം മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ തിങ്കളാഴ്ചയും സര്‍വിസ് മുടങ്ങി. രാവിലെ 11ന് ശേഷം അയക്കേണ്ട ഏഴ് സര്‍വിസാണ് റദ്ദാക്കിയത്. സ്വകാര്യ പമ്പില്‍നിന്ന് ഡീസലടിക്കാന്‍ ഉത്തരവ് വന്നതോടെ രാത്രി ഭാഗികമായി ഇവ പുനഃസ്ഥാപിച്ചു. ഞായറാഴ്ച പത്തിലധികം സര്‍വിസ് മുടങ്ങിയിരുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ സംസ്ഥാന വ്യാപകമായി അനുഭവപ്പെടുന്ന ഡീസല്‍ പ്രതിസന്ധിയുടെ ഭാഗമായാണ് മലപ്പുറത്തും സര്‍വിസുകള്‍ റദ്ദാക്കേണ്ടി വന്നത്. ഇത് യാത്രക്കാരെ വലച്ചു. ബസ് ടെര്‍മിനല്‍ നിര്‍മിക്കാനായി ഇവിടുത്തെ ഡീസല്‍ പമ്പ് കഴിഞ്ഞവര്‍ഷം പൊളിച്ചുമാറ്റിയിരുന്നു. ഇക്കാരണത്താല്‍ നിലമ്പൂര്‍, പൊന്നാനി സബ് ഡിപ്പോകളില്‍ നിന്നാണ് മലപ്പുറത്തെ ബസുകള്‍ ഇന്ധനം നിറച്ചിരുന്നത്. ക്ഷാമം രൂക്ഷമായതോടെ നിലമ്പൂരിലെയും പൊന്നാനിയിലെയും വണ്ടികള്‍ക്കുള്ള ഡീസല്‍ കഴിച്ച് മലപ്പുറത്തെ ബസുകള്‍ക്ക് നല്‍കാന്‍ കഴിയാതെ വരികയായിരുന്നു. തിരൂര്‍-മഞ്ചേരി റൂട്ടിലാണ് ഡീസല്‍ പ്രതിസന്ധി ഏറെ പ്രകടമായത്. മലപ്പുറത്തുനിന്ന് ഇവിടേക്ക് ഓപറേറ്റ് ചെയ്യുന്ന ഏഴില്‍ ആറ് ബസുകളെയും ഇന്ധനക്ഷാമം ബാധിച്ചു. മൂന്ന് വീതം ബസുകള്‍ തിരൂരിലും മഞ്ചേരിയിലുമായി നിര്‍ത്തിയിട്ടു. വൈകീട്ട് മലപ്പുറം കിഴക്കത്തേലയിലെ സ്വകാര്യ പമ്പില്‍നിന്ന് ഡീസല്‍ നിറച്ചാണ് പ്രതിസന്ധി തല്‍ക്കാലത്തേക്ക് പരിഹരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.