പാട്ടും കളിയും പഠിപ്പിക്കാന്‍ വരുന്നു, 435 അധ്യാപകര്‍

മലപ്പുറം: ജില്ലയിലെ സര്‍ക്കാര്‍ യു.പി സ്കൂളുകളില്‍ കായിക, കല, പ്രവൃത്തി പരിചയ അധ്യാപനത്തിന് 435 പ്രത്യേക അധ്യാപകരെ നിയമിക്കുന്നു. നവംബര്‍ ഒന്നിന് അധ്യാപകര്‍ സ്കൂളുകളില്‍ ചുമതലയേല്‍ക്കും വിധമാണ് നിയമന നടപടികള്‍ നടക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്തെ സര്‍ക്കാര്‍ യു.പി സ്കൂളുകളില്‍ 2514 സ്പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കാന്‍ തീരുമാനിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം ജില്ലയില്‍ കല (സംഗീതം, ചിത്രകല), കായികം, പ്രവൃത്തി പരിചയം (തുന്നല്‍, ക്രാഫ്റ്റ്) എന്നീ വിഷയങ്ങളില്‍ 145 വീതം സ്പെഷലിസ്റ്റ് അധ്യാപക തസ്തികകളുണ്ട്. സര്‍വശിക്ഷാ അഭിയാന് കീഴിലാണ് അധ്യാപകരെ നിയമിക്കുന്നത്. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയമാണ് അധ്യാപകര്‍ക്കുള്ള ശമ്പളം നല്‍കാനുള്ള തുക വകയിരുത്തിയത്. 2011 മുതല്‍ കേന്ദ്ര വിഹിതം പദ്ധതിക്ക് ലഭ്യമായിരുന്നെങ്കിലും അധ്യാപക നിയമനം നടന്നിരുന്നില്ല. കെ.ഇ.ആര്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രതിമാസം 29,000 രൂപ വേതനത്തില്‍ കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. സംഗീത കോളജുകളില്‍നിന്നും ചിത്രകലാ സ്ഥാപനങ്ങളില്‍നിന്നും പഠിച്ചിറങ്ങിയവരെയാണ് കലാധ്യാപകരായി പരിഗണിക്കുക. ഫിസിക്കല്‍ എജുക്കേഷന്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവരാകും കായിക അധ്യാപകരായി എത്തുക. എസ്.എസ്.എയുടെ പാഠ്യപദ്ധതിക്ക് അനുസൃതമായാകും അധ്യാപനം. 100 കുട്ടികളില്‍ കൂടുതലുള്ള യു.പി സ്കൂളുകളിലേക്ക് നിയമനം നടത്താം. കെ.ഇ.ആര്‍ പ്രകാരം ഈ തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ഒക്ടോബര്‍ 21 വരെ അപേക്ഷ എസ്.എസ്.എ ജില്ലാ ഓഫിസില്‍ സമര്‍പ്പിക്കാം. യോഗ്യതയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാകും നിയമനം. പി.എസ്.സി ലിസ്റ്റിലുള്ളവര്‍ക്കും എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും മുന്‍ഗണന ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.