അവശനിലയില്‍ കഴിഞ്ഞ കുറുമ്പിക്ക് വിദഗ്ധ ചികിത്സക്ക് നടപടി

കാളികാവ്: ചികിത്സ കിട്ടാതെ ചോക്കാട് പരുത്തിപ്പെറ്റ കോളനിയില്‍ കഴിഞ്ഞിരുന്ന ആദിവാസി മുത്തശ്ശി കുറുമ്പിക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ നടപടി. ഒക്ടോബര്‍ 10ന് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് കുറുമ്പിയെ കഴിഞ്ഞ ദിവസം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്, വിദഗ്ധ ചികിത്സക്കായി ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. നൂറിനടുത്ത് പ്രായമുള്ള കുറുമ്പി വീടിനകത്ത് രോഗബാധിതയായി കഴിയുകയായിരുന്നു. ശരീരത്തിന് തളര്‍ച്ച വന്നതിനൊപ്പം അരക്കെട്ടിന് താഴെ കാലില്‍ വലിയ മുഴകള്‍കൂടി വന്നതോടെയാണ് കുറുമ്പി കടുത്ത പ്രയാസത്തിലായത്. വൈദ്യുതിയും കുടിവെള്ളം പോലും ലഭ്യമാകാത്ത വീട്ടിലെ ഇരുട്ടുമുറിയിലായിരുന്നു കുറുമ്പി. ശരീരവേദനയെ തുടര്‍ന്ന് എതാനും ദിവസംമുമ്പ് ഇവരെ ചികിത്സക്കായി കൊണ്ടുപോയിരുന്നെങ്കിലും കൂടെ നില്‍ക്കാന്‍ ആളില്ലാത്തതിനാല്‍ തിരിച്ചു കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞദിവസം അസുഖം മുര്‍ച്ഛിച്ചതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലായി. പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ട കരുവാരകുണ്ടിലെ എസ്.ടി പ്രമോട്ടര്‍ രാജന്‍ അറിയിച്ചതനുസരിച്ച് ചോക്കാട്ടെ എസ്.ടി പ്രമോട്ടര്‍ സുശീല ഐ.ടി.ഡി.പി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് കുറുമ്പിയെ പരുത്തിപ്പെറ്റയില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചോക്കാട് നാല്‍പത്സെന്‍റ് കോളനിയിലെ ഒടുക്കന്‍ ബാബുവിന്‍െറ നേതൃത്വത്തിലാണ് കുറുമ്പിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചേനപ്പാടിയിലെ മുതിര്‍ന്ന അംഗമായ കുറുമ്പി പുതിയ വീട് ലഭിച്ച് അടുത്തിടെയാണ് പരുത്തിപ്പെറ്റ കോളനിയില്‍ താമസമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.