കോട്ടപ്പടി ബസ്സ്റ്റാന്‍ഡ് നവീകരണം; ടെന്‍ഡര്‍ നടപടി എങ്ങുമത്തെിയില്ല

മലപ്പുറം: ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാത്തതിനാല്‍ നഗരസഭാ ബസ്സ്റ്റാന്‍ഡ് നവീകരണം നീളും. പ്രവൃത്തികള്‍ക്കായി ഒക്ടോബര്‍ 20ന് സ്റ്റാന്‍ഡ് അടച്ചിടുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും അതുണ്ടാകാനിടയില്ല. വ്യാഴാഴ്ച വരെ ടെന്‍ഡറിനുള്ള ഒരു നടപടികളും ആരംഭിച്ചിട്ടില്ളെന്ന് നഗരസഭാധ്യക്ഷ സി.എച്ച്. ജമീല പറഞ്ഞു. സ്റ്റാന്‍ഡ് മുഴുവനായും കോണ്‍ക്രീറ്റ് ചെയ്യേണ്ടതിനാല്‍ 20 ദിവസമെങ്കിലും ബസുകള്‍ക്ക് പ്രവേശിക്കാനാകില്ല. കെട്ടിടത്തില്‍ ടൈല്‍സ് പാകല്‍, ഓഡിറ്റോറിയം അറ്റകുറ്റപ്പണി എന്നിവയും സ്റ്റാന്‍ഡ് നവീകരണത്തിന്‍െറ ഭാഗമായി നടത്തും. സ്റ്റാന്‍ഡ് തകര്‍ന്നതിനാല്‍ സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഉടന്‍ പ്രവൃത്തി ആരംഭിക്കുമെന്ന് നഗരസഭ അറിയിച്ചിരുന്നത്. എന്നാല്‍, തുടര്‍ നടപടികള്‍ക്ക് വേഗമില്ലാതായതാണ് പ്രവൃത്തി സംബന്ധിച്ച് അനിശ്ചിതത്വമുണ്ടാക്കിയത്. ഇന്നുമുതല്‍ 20 വരെയുള്ള ആറുദിവസം മാത്രമാണ് നഗസഭക്ക് മുന്നിലുള്ളത്. ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഉറപ്പ് നല്‍കാനാകുന്നില്ല. അതിനാല്‍ ബസുടമകളുമായി ചര്‍ച്ച നടത്തി സ്റ്റാന്‍ഡ് അടച്ചിടാനുള്ള പുതിയ തീയതി കാണേണ്ടിവരും. നവീകരണ പ്രവൃത്തികളുടെ പേരില്‍ മൂന്നുതവണ ചര്‍ച്ച നടത്തിയ സാഹചര്യത്തില്‍ ഇനിയും സഹകരിക്കാനാകില്ളെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ പറഞ്ഞു. 20ന് പ്രവൃത്തി തുടങ്ങിയില്ളെങ്കില്‍ ഉടമകളുടെ യോഗം വിളിച്ച് തുടര്‍നടപടികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.