വനാതിര്‍ത്തിയിലെ കര്‍ഷകര്‍ക്ക് കൈവശരേഖ: ഡി.എഫ്.ഒയുമായി എം.എല്‍.എയുടെ ചര്‍ച്ച

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ വനാതിര്‍ത്തിയില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് കൈവശരേഖ ലഭിക്കുന്നില്ളെന്ന പരാതിയില്‍ നിയുക്ത എം.എല്‍.എ ഇടപെട്ടു. പ്രശ്നത്തില്‍ എങ്ങനെ തീര്‍പ്പ് കല്‍പിക്കാനാവുമെന്നത് സംബന്ധിച്ച് നിലമ്പൂരിലെ നിയുക്ത എം.എല്‍.എ പി.വി. അന്‍വര്‍ നോര്‍ത് ഡി.എഫ്.ഒ ഡോ. ആര്‍. ആടലരശനുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തി. കൈവശരേഖ കൊടുക്കുന്നതിന് സര്‍ക്കാര്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് രണ്ട് തവണയായി സമര്‍പ്പിച്ചിരുന്നെന്നും പിന്നീട് സര്‍ക്കാറില്‍നിന്ന് നിര്‍ദേശമൊന്നും ഉണ്ടായില്ളെന്നും ഡി.എഫ്.ഒ അറിയിച്ചു. ഈ കാര്യം നിയമസഭയുടെ ശ്രദ്ധയില്‍പെടുത്തുന്നതിന് വിശദമായ റിപ്പോര്‍ട്ട് നിയുക്ത എം.എല്‍.എ ആവശ്യപ്പെട്ടു. കൈവശരേഖ ലഭിക്കാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് സമര്‍പ്പിച്ച അപേക്ഷകളില്‍ പോലും നടപടി ഉണ്ടായിട്ടില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് കൈവശരേഖ നല്‍കുന്നതിന് 2015 അവസാനം വീണ്ടും വനംവകുപ്പ് സര്‍ക്കാറിന് ശിപാര്‍ശ ചെയ്തിരുന്നു. നിലമ്പൂര്‍ നോര്‍ത്, സൗത് ഡിവിഷനുകളിലായി രണ്ടായിരത്തോളം അപേക്ഷകരാണ് സര്‍ക്കാറിന്‍െറ കനിവിനായി കാത്തിരിക്കുന്നത്. സ്വന്തമായുള്ള തുണ്ട് ഭൂമിക്ക് കൈവശരേഖ ലഭിക്കാതെ പല കര്‍ഷകരും സ്വപ്നം ബാക്കിയാക്കി മരണപ്പെട്ടു. 1977ന് മുമ്പേ ഭൂമി കൈവശം വെച്ച് കൃഷി ചെയ്ത് പോരുന്ന അര്‍ഹതപ്പെട്ടവര്‍ക്ക് കൈവശരേഖ നല്‍കുന്നതിന് റവന്യൂ വകുപ്പിന്‍െറ 1989 ആഗസ്റ്റ് 31ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വനം, റവന്യൂ വകുപ്പുകള്‍ ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു. എന്നാല്‍, പരിശോധന പൂര്‍ത്തീകരിച്ചില്ല. പരിശോധന പൂര്‍ത്തിയായവയില്‍ 1200ഓളം പേര്‍ അര്‍ഹതപ്പെട്ടവരാണെന്ന് കണ്ടത്തെിയിരുന്നു. പരിശോധന 1990ല്‍ പുനരാരംഭിച്ചെങ്കിലും ഇതും പാതിവഴിയില്‍ അവസാനിച്ചു. പരിശോധനയില്‍ അര്‍ഹരാണെന്ന് കണ്ടത്തെിയവര്‍ക്ക് പോലും 20 വര്‍ഷങ്ങള്‍ക്ക് ശേഷവും കൈവശരേഖയോ പരിശോധനാ രേഖയോ നല്‍കിയില്ല. നിലമ്പൂര്‍ നോര്‍ത് ഡിവിഷനിലെ അര്‍ഹരായ 608 പേരില്‍നിന്ന് 224 പേരുടെ കൈവശത്തിലുള്ള 140.07 ഏക്കര്‍ സ്ഥലം നിക്ഷിപ്ത വനനിയമത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കുന്നതിനായി 1980ലെ കേന്ദ്ര വനസംരക്ഷണ നിയമത്തിലെ സെക്ഷന്‍-രണ്ട് പ്രകാരം അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ പരിഗണിക്കാന്‍ ജില്ലാ കലക്ടറും നിലമ്പൂര്‍ സൗത്-നോര്‍ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാരും ഒപ്പിട്ട ശിപാര്‍ശ 2000ല്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. ഇതില്‍ നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് 2015ല്‍ വീണ്ടും ഈ ശിപാര്‍ശ സര്‍ക്കാറിന്‍െറ പരിഗണനയിലേക്ക് വിട്ടത്. പിന്നീടും ഒരുവിധ നിര്‍ദേശവും ഉണ്ടാകാത്തതിനാല്‍ അപേക്ഷകള്‍ ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.