തീരദേശത്ത് വീണ്ടും അക്രമം; കടയും വാഹനങ്ങളും തകര്‍ത്തു

തിരൂര്‍: തീരദേശത്ത് അക്രമ പരമ്പര തുടരുന്നു. പറവണ്ണ വേളാപുരം ബീച്ചില്‍ ബുധനാഴ്ച രാത്രിയോടെയാണ് വീണ്ടും അക്രമം അരങ്ങേറിയത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന്‍െറ ആഘോഷമാണ് അക്രമമായി മാറിയത്. സംഭവത്തില്‍ മൂന്ന് വീടുകളും കടയും രണ്ട് ഓട്ടോറിക്ഷയും ബൈക്കും തകര്‍ക്കപ്പെട്ടു. രാത്രി ഒമ്പതുമണിയോടെ നൂറുകണക്കിനു പേര്‍ ചേര്‍ന്ന് കുട്ടാത്ത് സൈനുദ്ദീന്‍െറ ബീച്ചിലെ കൂള്‍ബാറും സ്റ്റേഷനറി കടയും അടിച്ചുതകര്‍ക്കുകയായിരുന്നു. പൂട്ട് പൊളിച്ച് കടയില്‍ കയറിയ അക്രമികള്‍ മേശയും കസേരയും കൗണ്ടറും ഫ്രിഡ്ജും നശിപ്പിച്ചു. പള്ളാത്ത് മുഹമ്മദ്കുട്ടിയുടെ വീടിനുനേരെയും ആക്രമണം നടന്നു. ടി.വി തകര്‍ക്കുകയും അലമാര ചവിട്ടിപ്പൊളിച്ച് പണവും സ്വര്‍ണവും കവര്‍ന്നതായും വീട്ടുകാര്‍ പറയുന്നു. കുട്ടാത്ത് കുഞ്ഞിമരക്കാറിന്‍െറയും പള്ളാത്ത് ഹംസക്കോയയുടെയും വീടുകളുടെ ജനല്‍ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. ഇശാഅ് നമസ്കാരത്തിനായി പുരുഷന്മാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നത്രേ ആക്രമണം. സംഭവത്തില്‍ പള്ളാത്ത് ലത്തീഫിന്‍െറയും പള്ളാത്ത് ഫൈസലിന്‍െറയും ഓട്ടോറിക്ഷകളും ചേക്കിന്‍െറ പുരക്കല്‍ ത്വല്‍ഹത്തിന്‍െറ ബൈക്കും അക്രമികള്‍ അടിച്ചുതകര്‍ത്തു. സി.പി.എം, ഡി.വൈ.എഫ്.എഫ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. സംഭവസ്ഥലം സി. മമ്മുട്ടി എം.എല്‍.എ, സി. മുഹമ്മദാലി, വെട്ടം ആലിക്കോയ, കെ.പി. ഷാജഹാന്‍, പി.സി. ഇസ്ഹാഖ്, സി.എം.ടി. ബാവ, പി. രാമന്‍കുട്ടി, ഉസ്മാന്‍ പറവണ്ണ, യാസര്‍ പൊട്ടച്ചോല, കെ. ഹംസഹാജി, കുട്ടാത്ത് ഖാദര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.