പ്രവേശനോത്സവത്തിന് അണിഞ്ഞൊരുങ്ങി വിദ്യാലയങ്ങള്‍

അരീക്കോട്: പ്രവേശനോത്സവത്തിനായി വിദ്യാലയങ്ങള്‍ അണിഞ്ഞൊരുങ്ങുന്നു. അരീക്കോട് വിദ്യാഭ്യാസ ഉപജില്ലയില്‍ പഞ്ചായത്തുതലത്തിലുള്ള പ്രവേശനോത്സവം ഇത്തവണ പുളിക്കല്‍ ജി.എം.യു.പി സ്കൂളിലാണ് നടക്കുക. ക്ളാസ്മുറികള്‍ വൃത്തിയാക്കിയും ചുമരുകളില്‍ നിറം ചാലിച്ചും കുട്ടികള്‍ക്കിരിക്കാനും പഠിക്കാനുമുള്ള സാധനസാമഗ്രികളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയും സര്‍വോപരി സുരക്ഷിതത്വം ഉറപ്പാക്കുന്ന പ്രവൃത്തികളാണ് തകൃതിയായി നടക്കുന്നത്. അധ്യാപകരും രക്ഷിതാക്കളും ഇതില്‍ ഭാഗഭാക്കാകുന്നുണ്ട്. പ്രധാനാധ്യാപകന്‍ കെ.എന്‍. രാമകൃഷ്ണനും പി.ടി.എ പ്രസിഡന്‍റ് മാടത്തിങ്ങല്‍ സുല്‍ഫിക്കറും മേല്‍നോട്ടം വഹിക്കുന്ന ശുചീകരണ പ്രവൃത്തികളില്‍ അധ്യാപകരായ യു. മെഹബൂബ്, ടി. ശശികുമാര്‍, കെ. സുരേഷ്കുമാര്‍ എന്നിവര്‍ സജീവമാണ്. പഠനോപകരണങ്ങളായ പുസ്തകം, പെന്‍സില്‍, ക്രയോണ്‍സ്, റബര്‍ എന്നിവയും ബലൂണുകളും ഗ്രാമപഞ്ചായത്തില്‍നിന്ന് ലഭിക്കും. ഒന്നാം തരത്തില്‍ ഇതിനകം ഇവിടെ 67 കുട്ടികള്‍ ചേര്‍ന്നു. വിദ്യാലയത്തിലെ ഒ.വി. വിജയന്‍ സ്മാരക ഗ്രന്ഥശാലയില്‍ പുസ്തകങ്ങളുടെ ശേഖരം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നീക്കത്തിലാണ് അധ്യാപകര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.