അമ്മയുറങ്ങാത്ത വീടുകള്‍ക്ക് ആശ്വാസമേകാന്‍ ‘അഭയ’ത്തിന് വേണം കൈത്താങ്ങ്

മലപ്പുറം: സംസാരത്തിനിടയിലെപ്പോഴോ പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം കടന്നുവന്നപ്പോള്‍ അവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഇടറിയ ശബ്ദത്തില്‍ അവര്‍ പറഞ്ഞു- ‘ ഓരോ വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും ഉള്ളില്‍ പേടിയാണ്. അമ്മമാരും പെണ്‍കുട്ടികളും മാത്രമുള്ള വീടുകള്‍ ഓരോ നിമിഷവും കടന്നുപോകുന്നത് ഭീതിയുടെ നിഴലിലല്ളേ’. ഇത് ഫരീദ. വയസ്സ് 40. മലപ്പുറം കലക്ടറേറ്റ് വളപ്പില്‍ ഫോം പൂരിപ്പിച്ച് കൊടുക്കലാണ് ജോലി. പന്ത്രണ്ടും പത്തും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെ അമ്മ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഇവര്‍ ‘പെരുമ്പാവൂര്‍’ എവിടെയും ആവര്‍ത്തിക്കാമെന്ന ആശങ്കയിലാണ്. ഫരീദയില്‍ നിന്നാണ് ജസീലയെക്കുറിച്ചറിഞ്ഞത്. ജീവിതകഥ ഏതാണ്ട് സമാനം. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം ഒതായിയില്‍ തുന്നല്‍ ജോലി ചെയ്ത് ജീവിതം പുലര്‍ത്തുന്നു. സംസാരിച്ചപ്പോള്‍ ആ വാക്കുകളിലും പെണ്‍സുരക്ഷയെക്കുറിച്ചുള്ള ആധി പ്രകടം. അകാലത്തില്‍ തന്നെ വരണ്ടുണങ്ങിയ ജീവിതത്തോട് തോല്‍ക്കാന്‍ പക്ഷേ, ഫരീദയും ജസീലയും തയാറല്ലായിരുന്നു. പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ ഇവരെ ഭാവിയെ നേരിടാന്‍ പ്രാപ്തരാക്കി. ഭര്‍ത്താവ് ഉപേക്ഷിച്ചതോ മരിച്ചതോ ആയ പെണ്‍കുട്ടികളുള്ള കുടുംബങ്ങളുടെ സംരക്ഷണത്തിനായി ഇവരുടെ നേതൃത്വത്തില്‍ ഒരു സംഘടന രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങി. ‘അഭയം വനിതാ സംഘം’ എന്ന് പേരിട്ട സംഘടന 2009ലാണ് നിലവില്‍വന്നത്. ആരെയും കാത്തിരുന്നിട്ട് കാര്യമില്ല, പ്രയാസങ്ങളെ സ്വയം നേരിടണമെന്ന് അവര്‍ സ്ത്രീകളെ പഠിപ്പിച്ചു. ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും ചോദിച്ച് വാങ്ങാന്‍ പ്രാപ്തരാക്കി. ഇനിയും ചൂഷണത്തിന് ഇരയാകരുതെന്ന് ഓര്‍മിപ്പിച്ചു. പലരാല്‍ ചതിക്കപ്പെട്ട് അനാഥരാക്കപ്പെട്ടവര്‍ക്ക് വലിയ പ്രതീക്ഷയായി അഭയം. നൂറുകണക്കിന് കുടുംബങ്ങളുണ്ടിപ്പോള്‍ സംഘടനയില്‍. ഭൂരിഭാഗവും ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചവര്‍. വിധവകളായവര്‍ കുറച്ച് മാത്രം. ഭര്‍ത്താക്കന്മാര്‍ കുടുംബങ്ങളെ വിട്ടുപോകുന്നത് പെണ്‍കുട്ടികള്‍ ജനിക്കുന്നതോടെയാണെന്ന് ഫരീദ പറയുന്നു. ഇവരെയാണ് അഭയം സ്വീകരിക്കുന്നത്. രണ്ടാം കല്യാണത്തിന് പലരും സന്നദ്ധരായി വരുമ്പോള്‍ വ്യക്തമായി അന്വേഷിക്കാതെ തലകുനിച്ച് കൊടുക്കരുത്. ഇത്തരക്കാരുടെ ലക്ഷ്യം നാളെ നമ്മുടെ പെണ്‍കുട്ടികളാകും- മുന്നില്‍ വരുന്ന പരാതികളുടെ അനുഭവത്തില്‍ ഫരീദ പറയുന്നു. ഒരു ഭാഗത്ത് സാമ്പത്തിക പ്രതിസന്ധിയും മറുഭാഗത്ത് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെ ഭാവിയും ഈ അമ്മമാര്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമാണ്. പലരും ഹോട്ടലുകളിലോ വീടുകളിലോ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. പിരിവെടുത്തും അല്ലാതെയും ചെറിയ തോതിലുള്ള സാമ്പത്തിക സഹായമെല്ലാം തുടക്കത്തില്‍ ‘അഭയം’ നല്‍കിയിരുന്നു. എന്നാല്‍, ഫണ്ടില്ലാതെ സംഘടനയും ഇപ്പോള്‍ തളര്‍ച്ചയിലാണ്. ആകെയുണ്ടായിരുന്ന ഓഫിസും നഷ്ടമായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി മഞ്ഞളാംകുഴി അലി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ളെന്ന് ഫരീദ പറയുന്നു. സാമ്പത്തികമായി സഹായിക്കാന്‍ സുമനസ്സുകള്‍ രംഗത്തുവരികയാണെങ്കില്‍ സംഘടന സജീവമാക്കാനുള്ള തയാറെടുപ്പിലാണ് ഫരീദയും ജസീലയും. കലക്ടറേറ്റ് വളപ്പില്‍ എല്ലാവര്‍ക്കും ഫോറം പൂരിപ്പിച്ചുകൊടുക്കുന്ന ഇവരുടെ പക്കല്‍ പരിഹാരം കാണാത്ത ആ പഴയ നിവേദനത്തിന്‍െറ ഒരു പകര്‍പ്പ് ഇപ്പോഴുമുണ്ട്. മായുന്ന അക്ഷരങ്ങള്‍ ഇങ്ങനെ വായിച്ചെടുക്കാം- ‘ഭര്‍ത്താവ് ഉപേക്ഷിച്ച പെണ്‍മക്കളുള്ള കുടുംബത്തെ മറ്റ് കുടുംബങ്ങളെപോലെ ഉള്‍ക്കൊള്ളാന്‍ സമൂഹം ഇനിയെങ്കിലും തയാറാകണം. ആരോരുമില്ലാത്ത ഞങ്ങള്‍ക്ക് സര്‍ക്കാരെങ്കിലും തുണയാകണം’.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.