സിവില്‍ സ്റ്റേഷന്‍ ശുചീകരണത്തിന് ഇന്ന് തുടക്കം

മലപ്പുറം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ട് മരങ്ങള്‍ നട്ടുപിടിപ്പിച്ചും മാലിന്യം നീക്കം ചെയ്തും ‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ കാമ്പസ്’ ആക്കി മാറ്റുന്നതിന്‍െറ ഭാഗമായി കലക്ടറേറ്റും പരിസരവും വെള്ളിയാഴ്ച ശുചീകരിക്കും. ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫിസുകളിലെ ജീവനക്കാരാണ് സ്വന്തം ഓഫിസും പരിസരവും ശുചീകരിക്കുക. വൈകീട്ട് മൂന്ന് മുതല്‍ ആറ് വരെയാണ് ശ്രമദാനമായി ഒന്നാംഘട്ട ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചത്. ഒരാഴ്ച നീളുന്ന ശ്രമദാനം ജൂണ്‍ നാല് വരെ തുടരും. ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തില്‍ കലക്ടറേറ്റ് വളപ്പില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കും. ജനകീയ പങ്കാളിത്തത്തോടെ സിവില്‍ സ്റ്റേഷന്‍ സൗന്ദര്യവത്കരിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്‍െറയും ജില്ലാ ഭരണകൂടത്തിന്‍െറയും സംയുക്ത സംരംഭത്തിനാണ് വെള്ളിയാഴ്ച തുടക്കം കുറിക്കുന്നത്. ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന വിവിധ ഓഫിസ് മേധാവികളുടെ യോഗത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ രൂപരേഖ ചര്‍ച്ച ചെയ്തു. വിശദമായ പദ്ധതിരേഖ തയാറാക്കുന്നതിന് ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഡെപ്യൂട്ടി കലക്ടര്‍ എസ്. മുരളീധരന്‍ പിള്ള, ജില്ലാ പ്ളാനിങ് ഓഫിസര്‍ എന്നിവരടങ്ങിയ ഉപസമിതിയെ ചുമതലപ്പെടുത്തി. പദ്ധതിയുടെ ഭാഗമായി ഒരു മാസത്തിനകം സിവില്‍ സ്റ്റേഷനിലെ വിവിധയിടങ്ങളില്‍ ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ജൈവ-പ്ളാസ്റ്റിക് മാലിന്യം വെവ്വേറെ ശേഖരിക്കുന്നതിനായി 100ഓളം വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. ഓഫിസുകളിലെ ഇ-മാലിന്യം ശുചിത്വമിഷന്‍െറ സഹായത്തോടെ ശേഖരിച്ച് ക്ളീന്‍ കേരള മിഷന് കൈമാറും. മുഴുവന്‍ ഓഫിസ് പരിസരങ്ങളും പൊതുനിരത്തുകളും സമ്പൂര്‍ണ പ്ളാസ്റ്റിക്മുക്ത കാമ്പസാക്കും. ജീവനക്കാര്‍, ജീവനക്കാരുടെ സംഘടനകള്‍, സാമൂഹിക-സാംസ്കാരിക സന്നദ്ധ സംഘടനകള്‍, നഗരസഭ തുടങ്ങിയ വിവിധ മേഖലകളിലുള്ളവരുടെ സഹകരണം ഉറപ്പാക്കും. കേരളത്തിലെ ഏറ്റവും മനോഹരമായ കലക്ടറേറ്റ് കോമ്പൗണ്ടാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, കെ.പി. ഹാജറുമ്മ ടീച്ചര്‍, എ.ഡി.എം ബി. കൃഷ്ണകുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.