പാര്‍സല്‍ തട്ടിപ്പ്: ഇരയായവര്‍ നിരവധി

മങ്കട: മൊബൈല്‍ ഫോണിലേക്ക് വിളിച്ച് നറുക്കെടുപ്പില്‍ സമ്മാനാര്‍ഹമായിട്ടുണ്ടെന്ന് അറിയിച്ച് പണം തട്ടുന്ന സംഘം വ്യാപകമാകുന്നതായി പരാതി. നറുക്കെടുപ്പില്‍ ലഭിച്ച വസ്തു അയക്കുന്ന ചെലവിലേക്കും നികുതിയും മറ്റുമായി തുക മുന്‍കൂര്‍ അടക്കണമെന്ന വാക്ക് വിശ്വസിച്ച് പണമടച്ച നിരവധി ആളുകള്‍ തട്ടിപ്പിനിരയായി. ചെന്നൈ, ഹൈദരാബാദ്, ഗയ, ഡല്‍ഹി, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് മലയാളികള്‍ അടങ്ങുന്ന സംഘം പണം തട്ടുന്നത്. കേരളത്തില്‍ ഈയിടെയായി ഇത്തരം തട്ടിപ്പ് കേസുകള്‍ വര്‍ധിച്ചുവരുന്നു. ഇന്‍റര്‍നെറ്റില്‍നിന്ന് ഫോണ്‍നമ്പറും മേല്‍വിലാസവും ശേഖരിച്ചാണ് ഈ വിഭാഗം ഇരകളെ കണ്ടത്തെുന്നത്. വിലാസക്കാരനോട് താങ്കളുടെ മൊബൈല്‍ നമ്പറിന് നറുക്കെടുപ്പില്‍ സ്വര്‍ണം, മൊബൈല്‍ ഫോണ്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് സന്ദേശം അയക്കുന്നു. പാര്‍സല്‍ അയക്കുന്ന ചെലവിലേക്കും നികുതിയുമായി 1000 മുതലുള്ള സംഖ്യ അക്കൗണ്ടിലേക്കോ പാര്‍സല്‍ ലഭിക്കുമ്പോഴോ നല്‍കണമെന്ന് അറിയിക്കുന്നു. ഇങ്ങനെ പണം അടച്ചവര്‍ക്ക് ലഭിക്കുന്നത് പാഴ്വസ്തുക്കളോ പത്ത് രൂപ പോലും വിലയില്ലാത്ത വസ്തുക്കളോ ആണ്. ഒരാഴ്ച മുമ്പ് പരിയാപുരം സ്വദേശിക്ക് ഇപ്രകാരം ഫോണ്‍ സന്ദേശം ലഭിച്ചു. നറുക്കെടുപ്പില്‍ 20,000 രൂപ വിലയുള്ള ഫോണ്‍ ലഭിച്ചതായും 1000 രൂപ നല്‍കിയാല്‍ മതിയെന്നും പറഞ്ഞു. ഇത് വിശ്വസിച്ചയാള്‍ക്ക് കിട്ടിയത് 10 രൂപയുടെ മാല മാത്രം. മലപ്പുറത്ത് ഒരധ്യാപകന് 10 ഗ്രാം സ്വര്‍ണം ലഭിച്ചതായും 3000 രൂപ നല്‍കണമെന്നുമാണ് സന്ദേശം വന്നത്. ഇയാള്‍ക്ക് ലഭിച്ചത് കുറച്ച് മണ്ണ് മാതം. മക്കരപറമ്പില്‍ ഒരാള്‍ക്ക് കുറെ പാഴ്വസ്തുക്കളാണ് ലഭിച്ചത്. ഫോണ്‍ സന്ദേശം ലഭിക്കുമ്പോള്‍ എതിരായി പ്രതികരിക്കുന്നവരോട് അസഭ്യം പറഞ്ഞതായും ഒരു അധ്യാപികക്ക് അനുഭവമുണ്ട്. ചിലരോട് പിന്നീട് വീണ്ടും വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വെക്കുകയാണ് ചെയ്യുന്നത്. തപാല്‍ പാര്‍സലിന് പണം നല്‍കിയാല്‍ പിന്നീട് ഒന്നും ചെയ്യാന്‍ സാധിക്കില്ല. തപാല്‍ വകുപ്പിന്‍െറ പാര്‍സല്‍ വിതരണ സംവിധാനമായ (സി.ഒ.ഡി) പ്രകാരമാണ് പാര്‍സല്‍ അയക്കുന്നത്. പാര്‍സലിന്‍െറ ഡാറ്റ നെറ്റ് വഴി പോകുന്നതോടെ സംഘത്തിന് പണം ലഭിക്കും. മുമ്പ് വി.പി.പി സംവിധാനമായിരുന്നപ്പോള്‍ പരാതി ഉണ്ടെങ്കില്‍ പണം തടഞ്ഞുവെക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, ഡി.ഒ.സി സംവിധാനത്തില്‍ അത് സാധ്യമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.