കൊടിഞ്ഞി തിരുത്തി പാലം അപ്രോച്ച് റോഡ് ഇടിഞ്ഞുതാഴ്ന്നു

തിരൂരങ്ങാടി: തെരഞ്ഞെടുപ്പിന്‍െറ തലേന്ന് ജനകീയ ഉദ്ഘാടനം നടത്തി യാത്രക്ക് തുറന്നുകൊടുത്ത നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞി തിരുത്തി പാലത്തിന്‍െറ ഇരുകരയിലെയും അപ്രോച്ച് റോഡ് തകര്‍ന്നു. പ്രവൃത്തി കഴിഞ്ഞ് ദിവസങ്ങള്‍ക്കകം വേനല്‍മഴ പെയ്തതോടെയാണ് ടാറിങ് നടത്തിയ റോഡ് ഇടിഞ്ഞുതാഴ്ന്നത്. നിര്‍മാണത്തില്‍ ആവശ്യത്തിന് മണ്ണിട്ട് ബലപ്പെടുത്താത്തതാണ് തകര്‍ച്ചക്ക് കാരണം. വര്‍ഷങ്ങളായുള്ള ജനങ്ങളുടെ മുറവിളിക്കൊടുവിലാണ് പാലം യാഥാര്‍ഥ്യമായത്. വര്‍ഷക്കാലത്ത് നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട തിരുത്തി ഗ്രാമവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക വഴിയാണിത്. ജീര്‍ണാവസ്ഥയിലുള്ള പാലം എം.എല്‍.എയുടെ വികസന ഫണ്ടില്‍നിന്ന് ഒന്നേകാല്‍ കോടി അനുവദിച്ചാണ് പുനര്‍നിര്‍മിച്ചത്. പാലവും അപ്രോച്ച് റോഡും 141 ദിവസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. റോഡിന്‍െറ ഇരുവശത്തും കരിങ്കല്‍ കൊണ്ട് സംരക്ഷണ ഭിത്തി കെട്ടി മണ്ണിട്ട് നിറച്ചാണ് അപ്രോച്ച് റോഡ് നിര്‍മിച്ചത്. ഇതാണ് മഴയില്‍ ഇടിഞ്ഞ് താഴ്ന്നത്. വിവരം അറിഞ്ഞ് കരാറുകാര്‍ എത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ടാറിങ് പൊളിച്ചുനീക്കി വീണ്ടും മണ്ണിട്ട് ബലപ്പെടുത്താനുള്ള പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. നിയമസഭാ വോട്ടെടുപ്പിന് മുമ്പ് പാലം തുറക്കണമെന്നതിനാലാണത്രെ പെട്ടെന്ന് റോഡ് പണി തീര്‍പ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.