നിലമ്പൂരിലെ ചരിത്രവിജയം ആഘോഷമാക്കി എല്‍.ഡി.എഫ്

നിലമ്പൂര്‍: കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന് നിലമ്പൂര്‍ മണ്ഡലത്തിലുള്ള മൂന്നര പതിറ്റാണ്ടിന്‍െറ കുത്തക അവസാനിപ്പിച്ച് നേടിയ ചരിത്രവിജയം ആഘോഷമാക്കി എല്‍.ഡി.എഫ്. ഇടതുസ്വതന്ത്രന്‍ പി.വി. അന്‍വറിന് പതിനായിരത്തിലധികം വോട്ടിന്‍െറ ഭൂരിപക്ഷം നേടാനായതിന്‍െറ ആഘോഷം മണ്ഡലത്തില്‍ നിറഞ്ഞാടുകയാണ്. യു.ഡി.എഫിന് എക്കാലവും ഭൂരിപക്ഷം നല്‍കി വന്ന വഴിക്കടവ് പഞ്ചായത്തില്‍ എല്‍.ഡി.എഫ് മുന്നേറുന്നെന്ന വിവരം അറിഞ്ഞതോടെ തന്നെ മലയോരമേഖലകളില്‍നിന്ന് ഇരുചക്രവാഹനങ്ങളിലും മറ്റുമായി നിലമ്പൂര്‍ ടൗണിലേക്ക് പ്രവര്‍ത്തകര്‍ കുതിച്ചിരുന്നു. പടക്കം പൊട്ടിച്ചും അന്‍വറിന്‍െറ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചും കൊടിതോരണങ്ങള്‍ വീശിയും അക്ഷരാര്‍ഥത്തില്‍ നിലമ്പൂര്‍ ചുവപ്പ് കടലായി. മറികടക്കാന്‍ കഴിയാത്ത ഭൂരിപക്ഷം അന്‍വന്‍ ഉറപ്പിച്ചതോടെ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ ആഹ്ളാദം മാനംമുട്ടെ ഉയര്‍ന്നു. അന്തിമ ഫലപ്രഖ്യാപനം അടുത്തതോടെ നിലമ്പൂര്‍ നഗരം എല്‍.ഡി.എഫ് പ്രവര്‍ത്തകരെകൊണ്ട് നിറഞ്ഞുകവിഞ്ഞു. പന്ത്രണ്ടരയോടെ തുറന്ന ജീപ്പില്‍ ഇടതുപക്ഷ നേതാക്കള്‍ക്കൊപ്പം സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ നഗരമധ്യത്തിലത്തെി. ടൗണ്‍ മുതല്‍ ചന്തക്കുന്ന് വരെ പ്രവര്‍ത്തകര്‍ക്കൊപ്പം അന്‍വര്‍ തുറന്ന ജീപ്പില്‍ നഗരം ചുറ്റി. ഉച്ചയോടെ മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ നിലമ്പൂരിലെ വസതിക്ക് മുന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിയുടെയും നിലമ്പൂര്‍ സി.ഐയുടെയും നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും ആര്യാടന്‍െറ വീടിന് മുന്നിലുണ്ടായിരുന്നു. എല്‍.ഡി.എഫ് ക്യാമ്പില്‍ ആഹ്ളാദം അലയടിച്ചുയരുമ്പോള്‍ യു.ഡി.എഫ് ക്യാമ്പ് ആളനക്കമില്ലാതെ മൂകമായിരുന്നു. ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമാണ് നഗരമധ്യത്തിലെ പാര്‍ട്ടി ഓഫിസിലും ക്യാമ്പുകളിലുമുണ്ടായിരുന്നത്. പ്രകടനത്തിനിടെ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ അഭിവാദ്യം വിളിക്കുന്നുണ്ടായിരുന്നു. പഞ്ചായത്തുകള്‍ തോറുമുള്ള ആഹ്ളാദപ്രകടനങ്ങള്‍ വൈകീട്ട് ആറ് വരെ നീണ്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.