മഞ്ചേരിയില്‍ വിള്ളല്‍ വീണില്ല; ഭൂരിപക്ഷത്തില്‍ ഇടിവ്

മഞ്ചേരി: ഭൂരിപക്ഷത്തില്‍ ഇടിവുണ്ടായെങ്കിലും ജില്ലയിലെ മറ്റ് ലീഗ് മണ്ഡലങ്ങളെ അപേക്ഷിച്ച് മഞ്ചേരിയില്‍ വിള്ളല്‍ വീഴാതെ സംരക്ഷിക്കാന്‍ മുസ്ലിം ലീഗിനായി. സി.എച്ച്. മുഹമ്മദ്കോയ രണ്ടുതവണ പ്രതിനിധീകരിച്ച മണ്ഡലത്തില്‍ 19,203 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് അഡ്വ. എം. ഉമ്മര്‍ സി.പി.ഐയിലെ അഡ്വ. കെ. മോഹന്‍ദാസിനെ തോല്‍പ്പിച്ച് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. മഞ്ചേരി നഗരസഭയും തൃക്കലങ്ങോട്, എടപ്പറ്റ, പാണ്ടിക്കാട്, കീഴാറ്റൂര്‍ പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ എല്ലായിടത്തും ഭൂരിപക്ഷം നേടാന്‍ ഉമ്മറിനായി. 29,079 വോട്ടായിരുന്നു 2011ലെ ഭൂരിപക്ഷം. ഇത്തവണ 10,000 വോട്ടിന്‍െറ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 17,500 വോട്ടും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ മാത്രം 20,000 വോട്ടും ഭൂരിപക്ഷം നേടിയിരുന്നതിനാല്‍ ലീഗ് നേതൃത്വം കണക്കുകൂട്ടിയ വോട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടാനായി. എന്നാല്‍, 2011 ലെ ഭൂരിപക്ഷത്തില്‍ ഇടിവില്ലാത്ത വിജയവും ഭൂരിപക്ഷവും പ്രതീക്ഷിച്ചായിരുന്നു ലീഗിന്‍െറ പ്രവര്‍ത്തനങ്ങള്‍. അത് ലക്ഷ്യം കണ്ടില്ല. വര്‍ധിച്ച വോട്ടില്‍ ആനുപാതികമായി ലീഗിന് നേടാനായിട്ടില്ല. 2011 ല്‍ അഡ്വ എം. ഉമ്മര്‍ 67,594 വോട്ടും സി.പി.ഐയിലെ പ്രഫ. പി. ഗൗരി 38,515 വോട്ടുമാണ് നേടിയത്. ഇത്തവണ ഉമ്മറിന് 69,779 വോട്ടായി. വര്‍ധിച്ചത് 2185 വോട്ട്. ഇത്തവണ ഇടത് സ്ഥാനാര്‍ഥി അഡ്വ. കെ. മോഹന്‍ദാസ് നേടിയത് 50,163 വോട്ട്. 11,648 വോട്ട് വര്‍ധിച്ചു. 2011 ല്‍ ബി.ജെ.പി മഞ്ചേരിയില്‍ നേടിയ 6319 വോട്ട് ഇത്തവണ 11,223 വോട്ടായി. 4904 വോട്ടിന്‍െറ വര്‍ധന. ഇടതുതരംഗത്തില്‍ മഞ്ചേരിയില്‍ മറ്റ് ചെറുകക്ഷികള്‍ക്ക് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 4227 വോട്ട് നേടിയ വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തവണ നേടിയത് 2503 വോട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ 2906 വോട്ട് നേടിയത് ഇത്തവണ 2357 വോട്ടായി ചുരുങ്ങി. പി.ഡി.പി 1121 വോട്ടും സ്വതന്ത്രന്‍ കെ.എം. മുസ്തഫ 887 വോട്ടും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.