കൊണ്ടോട്ടിയില്‍ പ്രതീക്ഷയോടെ മുന്നണികള്‍

കൊണ്ടോട്ടി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിങ് പൂര്‍ത്തിയായതോടെ കണക്കുകൂട്ടലുകളുമായി മുന്നണികള്‍. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ എക്കാലവും ലീഗ് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച കൊണ്ടോട്ടിയില്‍ ഇത്തവണ മത്സരത്തിന്‍െറ പ്രതീതിയുണ്ടായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.വി. ഇബ്രാഹിമിന് ഭൂരിപക്ഷം 15,000ത്തിനും 20,000ത്തിനും ഇടയിലായിരിക്കുമെന്നാണ് യു.ഡി.എഫ് അവകാശവാദം. ചീക്കോട്, മുതുവല്ലൂര്‍ പഞ്ചായത്തുകളിലാണ് ലീഗ് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്. അതേസമയം ഇത്തവണ കൊണ്ടോട്ടിയില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. ഇടത് സ്വതന്ത്രനായി മത്സരിച്ച കെ.പി. ബീരാന്‍കുട്ടിക്ക് വാഴയൂര്‍, ചെറുകാവ്, പുളിക്കല്‍ പഞ്ചായത്തുകളില്‍ ലീഡ് ലഭിക്കുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ്-ലീഗ് പ്രശ്നം നിലനിന്നിരുന്ന കൊണ്ടോട്ടി നഗരസഭ, വാഴക്കാട് പഞ്ചായത്ത് എന്നിവിടങ്ങളില്‍ ആര്‍ക്ക് അനുകൂലമെന്നറിയാന്‍ ഫലം വരുന്നതുവരെ കാത്തിരിക്കണം. അട്ടിമറി നടന്നില്ളെങ്കില്‍ യു.ഡി.എഫിനായിരിക്കും രണ്ടിടത്തും ഭൂരിപക്ഷം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടിയില്‍ ലീഗിന് 67,998 വോട്ടാണ് ലഭിച്ചത്. ലോക്സഭയില്‍ കൊണ്ടോട്ടി മണ്ഡലത്തില്‍നിന്നുള്ള ഭൂരിപക്ഷം വര്‍ധിച്ചെങ്കിലും വോട്ട് 65,846 ആയി കുറഞ്ഞു. സി.പി.എമ്മിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 39,849 വോട്ട് ലഭിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ 34,129 ആയി കുറഞ്ഞിരുന്നു. അതേസമയം, ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളുടെ വോട്ട് വര്‍ധിക്കുകയും ചെയ്തു. ബി.ജെ.പിക്ക് 6840 ആയിരുന്നത് 10,960 ആയും എസ്.ഡി.പി.ഐക്ക് 2026 ആയിരുന്നത് 7603 ആയും വര്‍ധിച്ചു. ബി.ജെ.പിയും എസ്.ഡി.പി.ഐയും കൂടുതലായി പിടിക്കുന്ന വോട്ടുകള്‍ ഇരുമുന്നണികളെയും ബാധിച്ചേക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വോട്ട് വര്‍ധിക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. നില മെച്ചപ്പെടുത്തുമെന്നാണ് എസ്.ഡി.പി.ഐയും പറയുന്നത്. ഇത്തവണ പോളിങ് ശതമാനം വര്‍ധിച്ചിട്ടുണ്ട്. 77.43 ആണ് ഇത്തവണത്തെ പോളിങ് ശതമാനം. 2011ല്‍ 75.48 ആയിരുന്നു. 30,203 പുതിയ വോട്ടര്‍മാരുണ്ട് ഈ തെരഞ്ഞെടുപ്പില്‍. മണ്ഡലം കൈവിടില്ളെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം. മാറ്റത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ളെന്ന് എല്‍.ഡി.എഫും ഉന്നയിക്കുന്നു. വെല്‍ഫയര്‍ പാര്‍ട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ 3,548 വോട്ടാണ് കൊണ്ടോട്ടിയില്‍ ലഭിച്ചത്. ഇതില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.