മഞ്ചേരിയില്‍ വര്‍ധിച്ച വോട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍

മഞ്ചേരി: മണ്ഡലത്തില്‍ 2014ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലേതിനെക്കാള്‍ പോള്‍ ചെയ്തത് 10,078 വോട്ട്. ഇതില്‍ പ്രതീക്ഷവെച്ചാണ് മുന്നണികള്‍ കൂട്ടിക്കിഴിക്കലുകള്‍ നടത്തുന്നത്. 1,90,113 വോട്ടുള്ള മഞ്ചേരിയില്‍ 1,38,460 പേരാണ് തിങ്കളാഴ്ച വോട്ട് ചെയ്തത്. 72.83 ശതമാനം. തൃക്കലങ്ങോട് പഞ്ചായത്തില്‍ 37,752 പേരില്‍ 28,583 പേരും (75.71) പാണ്ടിക്കാട് പഞ്ചായത്തില്‍ 39,602 പേരില്‍ 28,140 പേരും (71.05) മഞ്ചേരി നഗരസഭയില്‍ 68,830 പേരില്‍ 50,398 പേരും (73.22) കീഴാറ്റൂരില്‍ 26916 പേരില്‍ 19,415 പേരും (72.13) എടപ്പറ്റയില്‍ 17,013 പേരില്‍ 11,924 പേരും (70.8) വോട്ട് രേഖപ്പെടുത്തി. ഇതില്‍ തൃക്കലങ്ങോട് പഞ്ചായത്തിലാണ് ഉയര്‍ന്ന പോളിങ്. നേരത്തേ യു.ഡി.എഫില്‍നിന്ന് സി.പി.എം ഭരണം പിടിച്ചെടുത്ത പഞ്ചായത്താണിത്. മഞ്ചേരി നഗരസഭാ പരിധിയില്‍ ഉയര്‍ന്ന പോളിങ് നടന്നത് 67 ാം ബൂത്തായ കിടങ്ങഴി എല്‍.പി സ്കൂളിലാണ്. ഇവിടെ 82.2 ആണ് വോട്ടിങ് നില. ഏറ്റവും കുറവ് വോട്ടിങ്നില 62.92 രേഖപ്പെടുത്തിയ മഞ്ചേരി പാലക്കുളം ബൂത്തിലാണ്. പാരമ്പര്യമായി മുസ്ലിം ലീഗിനെ തുണക്കുന്ന മണ്ഡലത്തില്‍ ഇത്തവണ ബി.ജെ.പി, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി, എസ്.ഡി.പി.ഐ എന്നീ കക്ഷികളും പോരിനിറങ്ങിയിട്ടുണ്ട്. 2011ല്‍ 29,079 വോട്ട് അധികം നേടിയാണ് സി.പി.ഐയിലെ പ്രഫ. പി. ഗൗരിയോട് അഡ്വ. എം. ഉമ്മര്‍ വിജയിച്ചത്. അതിനുശേഷം 2014ല്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദ് മഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ മാത്രം നേടിയ ഭൂരിപക്ഷം 26,062 വോട്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ പുതിയ വോട്ടര്‍മാരില്‍ 10,078 പേര്‍ വോട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വര്‍ധിച്ച വോട്ട് മഞ്ചേരി നഗരസഭാ പരിധിയിലാണ് അധികം. ഇവിടെ 3205 വോട്ടാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അധികമായി രേഖപ്പെടുത്തിയത്. തൃക്കലങ്ങോട് 2677 വോട്ടും പാണ്ടിക്കാട്ട് 1879 വോട്ടും കീഴാറ്റൂരില്‍ 1416 വോട്ടും എടപ്പറ്റയില്‍ 901 വോട്ടും ഇത്തരത്തില്‍ മുന്‍ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ അധികം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ ഏത് മുന്നണിക്കും പാര്‍ട്ടിക്കും ലഭിക്കുമെന്നതും ചര്‍ച്ചയാണ്. പ്രധാന മുന്നണി സ്ഥാനാര്‍ഥികളെപ്പോലെയുള്ള ബി.ജെ.പിയുടെ പ്രചാരണം ആരുടെ വോട്ടിലാണ് കുറവുവരുത്തുകയെന്നും ചര്‍ച്ച ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.